ബെംഗളൂരു: ബ്രാഹ്മണ യുവതികള്‍ക്ക് വിവാഹ ധനസഹായ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് 25,000 രൂപയുടെ സഹായധനം നൽകുന്ന അരുന്ധതി പദ്ധതിയും പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികള്‍ക്ക് മൂന്ന് ലക്ഷം രൂപ സഹായധനമായി ലഭിക്കുന്ന മൈത്രേയി പദ്ധതിയുമാണ് നടപ്പാക്കുന്നത്.
യെദിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച
സ്റ്റേറ്റ് ബ്രാഹ്മിണ്‍ ഡെവലപ്‌മെന്റ് ബോര്‍ഡാണ് ബ്രാഹ്മണ യുവതികള്‍ക്കായി രണ്ട് പദ്ധതികളും നടപ്പിലാക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദ്യവിവാഹക്കാർക്ക് മാത്രമായിരിക്കും സഹായധനം ലഭിക്കുക എന്ന് ബോര്‍ഡ് ചെയര്‍മാന്‍ എച്ച്‌എസ് സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു.
അപേക്ഷ നൽകിയവരിൽ നിന്നും അരുന്ധതി പദ്ധതിക്കായി ഇതുവരെ 500പേരും മൈത്രേയി പദ്ധതിക്ക് 25പേരും തിരഞ്ഞെടുക്കപ്പെട്ടു. സമുദായ പ്രീണനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്
നേരത്തെ സന്ധ്യാവന്ദന പൂജക്ക് തയാറാകുന്നവര്‍ക്ക് പ്രതിമാസം 500 രൂപ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നതിന് പുറമേയാണ് പുതിയ പദ്ധതികൾ.
അഞ്ച് ശതമാനമാണ് കര്‍ണാടക ജനസംഖ്യയില്‍ ബ്രാഹ്മണരുടെ പ്രാതിനിധ്യം. മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ബ്രാഹ്മിണ്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ യെദിയൂരപ്പ അധികാരത്തിലേറിയതിനു ശേഷമാണ് ബോര്‍ഡ് രൂപീകരിച്ചത്.
