റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം, കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ പദ്ധതികൾ കൈപ്പിടിയിലാക്കാൻ അദാനി ഗ്രൂപ്പ്; നീക്കം പദ്ധതി നടത്തിപ്പില്‍നിന്ന്‌ ഇ. ശ്രീധരന്‍ പിന്‍വാങ്ങിയതോടെ

January 8, 2021 - 3:54 pm

പത്തനംതിട്ട: വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും കൈപ്പിടിയിലാക്കിയതിനു ശേഷം അദാനി ഗ്രൂപ്പ്‌, തിരുവനന്തപുരം, കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ പദ്ധതികളും സ്വന്തമാക്കാനൊരുങ്ങുന്നു. പദ്ധതി നടത്തിപ്പില്‍നിന്ന്‌ ഇ. ശ്രീധരന്‍ പിന്‍വാങ്ങിയതോടെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

ആദ്യഘട്ടമായി 7446 കോടിയുടെ തിരുവനന്തപുരം ലൈറ്റ്‌ മെട്രോ പദ്ധതിയുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുക്കാൻ ശ്രമം ആരംഭിച്ചു. ഗുരുഗ്രാം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന അദാനി എന്റര്‍പ്രൈസസ്‌ ഇക്കാര്യത്തിനായി രംഗത്തെത്തിക്കഴിഞ്ഞു.

ലൈറ്റ്‌ മെട്രോ പദ്ധതിക്കായി ആധുനിക നിര്‍മ്മാണ രീതിയാണ്‌ പരിഗണനയില്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേ ബോര്‍ഡ്‌ അംഗം നവീന്‍ ടണ്ഡന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്‌.

തിരുവനന്തപുരം നഗരത്തിലൂടെ കടന്നുപോകുന്ന ലൈറ്റ്‌ മെട്രോ ലൈനിനായി 60 മീറ്റര്‍ ചുറ്റളവില്‍ വളവ്‌ നിവര്‍ത്തിയാല്‍ നിരവധി കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും. ഇതൊഴിവാക്കാന്‍ “റോട്ടറി മോട്ടോര്‍” സംവിധാനത്തിനു പകരം ആധുനിക “ലീനിയര്‍ മോട്ടോര്‍” സംവിധാനമാകും ഉപയോഗിക്കുന്നത്‌.

വളവുകളില്‍ സ്വയം ക്രമീകരണം നടത്താന്‍ കഴിയുന്ന ഈ സംവിധാനത്തില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം സാധ്യമാകും. വൈദ്യുതി ഉപഭോഗം, അറ്റകുറ്റപണി, തേയ്‌മാനം എന്നിവയിലും ഗണ്യമായ കുറവുണ്ടാകും. നേരത്തെ ലൈനിന്റെ അലൈന്‍മെന്റിനെപ്പറ്റി പഠിച്ച ഡി.എം.ആര്‍.സിയും “ലീനിയര്‍ മോട്ടോര്‍” സാങ്കേതിക വിദ്യയാണ്‌ നിര്‍ദ്ദേശിച്ചത്‌.

സ്‌റ്റേഷന്‍, ഡിപ്പോ, ട്രാക്ക്‌ എന്നിങ്ങനെ 2844.56 കോടി രൂപയുടെ സിവില്‍ ജോലി കരാര്‍, 1500 കോടിയുടെ കോച്ച്‌ നിര്‍മ്മാണ കരാര്‍, സിഗ്നല്‍ കരാര്‍ എന്നിങ്ങനെ നേരത്തെ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബജറ്റ്‌ രൂപരേഖ അദാനിയുടെ വരവോടെ അനിശ്ചിതത്വത്തിലായി.

നിലവിലെ പദ്ധതി അനുസരിച്ച്‌ ടെക്‌നോസിറ്റി – കരമന ആദ്യഘട്ടവും കരമന – നെയ്യാറ്റിന്‍കര രണ്ടാംഘട്ടവും ആയിട്ടായിരിക്കും നടപ്പാക്കുക. 22 കി.മീറ്റര്‍ വരുന്ന ആദ്യഘട്ടത്തില്‍ 19 സ്‌റ്റേഷനുകളാണുള്ളത്.‌

അദാനിയുമായി ബന്ധമുള്ള കോവേ ഇന്ത്യാ ഗ്രൂപ്പ്‌ കണ്ണൂര്‍ അഴീക്കലില്‍ നിര്‍മ്മിക്കുന്ന പുതിയ തുറമുഖത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നേടിയെടുത്തിരുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനിക്ക്‌ കൈമാറാനുള്ള കേന്ദ്ര നീക്കത്തിനെതിരേ ഇടതു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്. വൈറ്റില മൊബിലിറ്റി ഹബിന്റെ അര ഏക്കര്‍ ഗ്രൂപ്പിന്‌ 30 വര്‍ഷത്തേക്ക്‌ പാട്ടത്തിനും നല്‍കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *