ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖക്കടുത്തുള്ള താഴ്ന്ന ഉള്‍പ്രദേശങ്ങളില്‍ നിന്ന് പതിനായിരത്തോളം സൈനികരെ ചൈനീസ് സൈന്യം തിരിച്ചയച്ചിട്ടുള്ളത്. ചൈന സൈന്യത്തെ പിന്‍വലിക്കാനുള്ള കാരണം കടുത്ത ശൈത്യകാലമാകാമെന്നും വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങള്‍ക്കുശേഷം താപനിലയില്‍ വര്‍ധനയുണ്ടായാല്‍ അവര്‍ സൈന്യത്തെ തിരിച്ചുകൊണ്ടുവരുമോ എന്ന് വ്യക്തമല്ല. 2020 ഏപ്രില്‍-മെയ് മുതല്‍ കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്ക് എതിര്‍വശത്തായി 50,000 സൈനികരെ വിന്യസിച്ചിരുന്നു. ഇതോടെ ഇന്ത്യയും ഈ മേഖലയിലെ സൈനിക വിന്യാസം വര്‍ധിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ പാന്‍ഗോങ് സോ തടാകത്തിന് ചുറ്റുമായി ഇന്ത്യ റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചത് മുതലാണ് ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനം രുക്ഷമായിത്തിരുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ സൈന്യങ്ങളെ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി തവണ ചര്‍ച്ചകളും നടത്തിയിരുന്നു.
