റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദിയും ബൈഡനും ഫോൺ സംഭാഷണം നടത്തി, പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, നയതന്ത്ര സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു

February 9, 2021 - 10:43 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. പ്രാദേശിക വിഷയങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, നയതന്ത്ര സഹകരണം എന്നിവയെക്കുറിച്ച് ചര്‍ച്ച നടന്നതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു.

‘ അന്താരാഷട്ര നയപ്രകാരമുള്ള നിയമങ്ങള്‍ക്ക് ഞങ്ങള്‍ പ്രതിജ്ഞാ ബന്ധരാണ്. ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറത്തും കൂടുതല്‍ സമാധാനത്തിനും സുരക്ഷയ്ക്കും പങ്കാളിത്തം ഏകീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ മോദി ട്വീറ്റ് ചെയ്തു.

നേരത്തെ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ട ശേഷം കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. രാജ്യത്തെ കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് ബൈഡന്‍ മോദിയുമായി സംസാരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തില്‍ ബൈഡന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം കര്‍ഷ പ്രക്ഷോഭത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധി പ്രതികരണം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കും പിന്തുണയറിയിച്ച അമേരിക്ക പക്ഷേ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും കൂട്ടിച്ചേര്‍ത്തു. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും സമരസ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെടണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് യുഎസ് മാധ്യമവക്താവ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളെ പിന്തുണച്ചുകൊണ്ടുതന്നെ കര്‍ഷകസമരത്തെ സര്‍ക്കാര്‍ നേരിടുന്ന രീതിയോട് അമേരിക്ക വിയോജിപ്പ് രേഖപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ഇന്ത്യന്‍ സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയ്ക്ക് വിപണി വിപുലീകരിക്കാന്‍ സഹായവും പ്രോത്സാഹനവും നല്‍കാന്‍ ശ്രമിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്കന്‍ പ്രതിനിധി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *