തിരുവനന്തപുരം: പളളിത്തര്‍ക്കത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുളള നീക്കവുമായ സര്‍ക്കാര്‍. പളളി തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സില്ലെങ്കില്‍ പിണറായി സര്‍ക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പാശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഓര്‍ഡിനന്‍സിന് പകരമായി യാക്കോബായ സഭക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാല്‍ എറണാകുളത്തടക്കം കേരളത്തിലെ പല മണ്ഡലങ്ങളിലും തിരിച്ചടി ഉണ്ടാാകുമെന്ന വിലയിരുത്തലിന്റെ പാശ്ചാത്തലത്തിലാണിത്.
തിരുവനന്തപുരത്ത് തൈക്കാട് ഗസറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായി സഭാ ബിഷപ്പുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് അടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമ നിര്‍മ്മാണം സര്‍ക്കാരിന് തിരിച്ചടി ഉണ്ടാക്കും. അതിന് പകരമായി തല്‍ക്കാലത്തേക്ക് പളളികള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഒരുത്തരവിറക്കും. യാക്കോബായ സഭയുടെ കൂടെ പിന്തുണയോടെ ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മ്മാണം കൊണ്ടുവരാം.
പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമം കൊണ്ടുവരാമെന്ന് സുപ്രീം കോടതി ഉത്തരവില്‍ തന്നെയുളളത് വ്യാഖ്യാനിച്ചാണ് ഈ നീക്കം. ഉത്തരവിറക്കി യാക്കോബായ സഭയെ സമാശ്വസിപ്പിക്കാനാണ് ഇടത് കേന്ദ്രങ്ങളുടെ ആലോചന. പളളി തര്‍ക്കത്തില്‍ എന്തെങ്കിലും ചെയ്യാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടാനാവില്ലെന്ന് സഭാ കേന്ദ്രങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അറിയിക്കാമെന്നാണ് സഭ മറുപടി നല്‍കിയിരിക്കുന്നത്.
