ചെന്നൈ: അഞ്ചു വയസുകാരനായ മകനെ തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ നന്നില്ലം സ്വദേശി രാംകിയാണ് (29) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ക്രൂരകൃത്യം അറങ്ങേറിയത്. ചോദ്യം ചെയ്യലിൽ ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്നുള്ള ആശങ്കയിലാണ് കുറ്റകൃത്യം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ഇതിന്റെ പേരിൽ കുട്ടിയെ ഇയാൾ പലപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവം നടന്ന ദിവസം രാത്രിയോടെ മദ്യപിച്ച് ലക്കുകെട്ടെത്തിയ രാംകി, ഭാര്യ ഗായത്രിയുമായി വഴക്കിട്ടു. തർക്കം മൂത്തതോടെ ദേഷ്യത്തിലായ ഇയാൾ നാലു വയസുകരനായ മകൻ സായ് സരണിന് നേരെ തിരിയുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച ഇയാൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ ഗായത്രി കുട്ടിയെ നന്നില്ലം സർക്കാർ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാൽ അവിടെ നിന്നും തഞ്ചാവൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. എന്നാൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടി അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ഗായത്രി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് ഓട്ടോ ഡ്രൈവറായ രാംകിയെ അറസ്റ്റ് ചെയ്തത്. മകന്റെ ജാതകത്തിൽ ദോഷമുണ്ടെന്നും ഇത് തന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഒരു ജ്യോത്സൻ പറഞ്ഞിരുന്നു. ഈ ഭീതിയിലാണ് മകനെ ഇല്ലാതാക്കിയതെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ രാംകിയെ നിലവിൽ മന്നാർഗുഡി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആക്കിയിരിക്കുകയാണ്.
