തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സിബിഐ നടത്തിയ പരിശോധനയില്‍ കസ്‌റ്റംസ് ഓഫീസില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയത്. സിബിഐ രണ്ടുതവണ റിമൈന്റര്‍ നല്‍കുകയും ആഭ്യന്തര സെക്രട്ടറിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്‌തിട്ടും സംസ്ഥാന സര്‍ക്കാര്‍ കേസില്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. നയതന്ത്ര കളളക്കടത്ത് കേസിനെ തുടര്‍ന്ന് കേസെടുക്കാന്‍ സിബിഐക്കുളള പൊതു അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുളള ആദ്യ കേസാണിത്. ഒടുവില്‍ മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുരി 12 നാണ് മിന്നല്‍ പരിശോധന നടത്തിയത്. കസ്‌റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കളളക്കടത്ത് നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‌ഡ്. ഷാര്‍ജയില്‍ നിന്നുളള എയര്‍ അറേബ്യ വിമാനം വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കസ്‌റ്റംസ് ഏരിയായില്‍ നിന്നും കണ്ടെടുത്തത് മൂന്നരലക്ഷം രൂപയും 81 പവന്‍ സ്വര്‍ണ്ണവുമാണ്. ഇമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും കണ്ടെടുത്തത് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണവും വിദേശ സിഗരറ്റ് പെട്ടികളുമായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും കളളക്കടത്ത് മാഫിയയും ചേര്‍ന്ന ലോബിയാണ് ഇതിന് പിന്നിലെന്ന് സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്ത് കേസുകളും നിലവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജനുവരി 20ന് അന്വേഷണത്തിന് അനുമതി തേടി സിബിഐ ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കി. ഒരു പ്രതികരണവും ഉണ്ടാകാഞ്ഞതിനാല്‍ തുടര്‍ന്ന് രണ്ടുതവണ റിമൈന്റര്‍ നല്‍കുകയും ചെയ്‌തിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാതിരുന്നതിനാല്‍ സിബിഐ സൂപ്രണ്ട് ആഭ്യന്തര വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ നേരില്‍ കണ്ട് പ്രശ്‌നം ഉന്നയിച്ചു. അന്വേഷണം വൈകിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉടന്‍ അനുമതി നല്‍ണമെന്നും ആവശ്യപ്പെട്ടു. ഇതിനെല്ലാം ശേഷമാണ് സംഭവം നടന്ന് രണ്ടുമാസത്തിനിപ്പുറം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് അന്വേഷണാനുമതി നല്‍കുന്നത്.
