ന്യൂഡൽഹി: മൂന്നുരാജ്യങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തി. നോര്‍വേ, ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ് എന്നിവയാണ് വാക്‌സിനേഷന്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയ രാജ്യങ്ങള്‍. ഓക്‌സ്‌ഫഡ്-അസ്‌ട്ര സെനേക്ക എന്ന വാക്‌സിനാണ് നിര്‍ത്തിയത്. വാക്‌സിന്‍ ചിലരില്‍ പാര്‍ശ്വ ഫലം ഉണ്ടാക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. വാക്‌സിന്‍ എടുത്ത ചുരുക്കം ചിലരില്‍ രക്തം കട്ടപിടിക്കുന്നതായാണ് സംശയം. രണ്ടാഴ്‌ച്ചത്തേക്കാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഡെന്മാര്‍ക്ക് സ്വദേശിനിയായ ഒരു വനിത വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ചു മരിച്ചിരുന്നു. ഈ ബാച്ചിലെത്തിയ വാക്‌സിന്‍റെ വിതരണമാണ് താല്‍ക്കാലികമായി നിര്‍ത്തിയിട്ടുളളത്.
ഗുരുതരമായ സൈഡ് എഫക്ടുകള്‍ ഉണ്ടാകുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കണമെന്നത് മൂലമാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുന്നതെന്ന് അധികൃതര്‍ വിശദമാക്കി. എന്നാല്‍ രക്തം കട്ടയാകുന്നതും വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അധികാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഡെന്മാര്‍ക്കില്‍ കഴിഞ്ഞ രണ്ടാഴ്‌ചക്കുളളില്‍ വാക്‌സിന്‍ സ്വീകരിച്ച എല്ലാവരോടും ശ്രദ്ധപുലര്‍ത്താനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം വാക്‌സിന്‍ പൂര്‍ണ്ണസുരക്ഷിതമാണെന്നാണ് അസ്‌ട്ര സെനേക്ക അവകാശപ്പെടുന്നത്. രക്തം കട്ടപിടിച്ചത് വാക്‌സിന്റെ പാര്‍ശ്വഫലം അല്ലെന്നും അസ്‌ട്രാ സെനേക്ക വ്യക്തമാക്കി. വാക്‌സിന്‍ സുരക്ഷിതമെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമുളളത്.
