തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നാലുവര്‍ഷത്തിനിടെ 6.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതുതായി ചേര്‍ന്നെന്ന കണക്കില്‍ വിവാദം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയുളള അവസാനത്ത അദ്ധ്യയന വര്‍ഷമായ 2015-16 നെ അപേക്ഷിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളില്‍ 2019-20 വര്‍ഷത്തില്‍ 46,694 വിദ്യാര്‍ത്ഥികള്‍ കുറവുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16 വര്‍ഷത്തില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ ആകെയുണ്ടായിരുന്നത് 33,67,732 കുട്ടികളാണ്. എന്നാല്‍ സര്‍ക്കാര്‍ അവസാനമായി കുട്ടികളുടെ എണ്ണമെടുത്ത 2019-20 വര്‍ഷത്തില്‍ ആകെയുണ്ടായിരുന്നത് 33,27,038 കുട്ടികളാണ്. അതായത് 2015-16 അദ്ധ്യയന വര്‍ഷത്തെ അപേക്ഷിച്ച് 46,894 കുട്ടികളുടെ കുറവുണ്ടെന്നാണ്.
എന്നാല്‍ ചില ക്ലാസുകളില്‍ കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന മാത്രം ഉയര്‍ത്തിക്കാട്ടുകയും മൊത്തം കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് മൂടി വെക്കുകയും ചെയ്‌തതാണ് സര്‍ക്കാര്‍ ലക്ഷക്കണക്കിന് കുട്ടികള്‍ വര്‍ദ്ധിച്ചുവെന്ന കണക്ക് നിരത്തുന്നതിന്റെ പിന്നിലെന്ന് ആക്ഷേപമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് 2016 മെയ് മാസത്തിലാണ്. ഇതിന് ശേഷം വന്ന ആദ്യ അദ്ധ്യയന വർഷമായ 2016-17ല്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികള്‍ കുറഞ്ഞു. 2016-17ല്‍ 32,83,238 കുട്ടികളാണ് സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളിലുണ്ടായിരുന്നത്. ഇതാകട്ടെ തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 84494 കുറവാണ്.
2017-18ല്‍ കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 32,67,506 ആയി. ഇതാവട്ടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച 15,732 പേരുടെ കുറവാണ്. എന്നാല്‍ 2018-19 ലും, 2019-20ലും കുട്ടികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായി 19-20 ല്‍ കുട്ടികളുടെ ആകെ എണ്ണം 33,27,038 ആയിരുന്നു. അതായത് 27,183 എണ്ണത്തിന്റെ വര്‍ദ്ധനവ്. 2020-21 ല്‍ കോവിഡ് കാരണം സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ വിശദമായ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം മാത്രം 1.75 ലക്ഷം കുട്ടികള്‍ പുതുതായി വിദ്യാലയങ്ങളില്‍ എത്തിയെന്നാണ് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിറക്കിയത്. കുട്ടികള്‍ വര്‍ദ്ധിച്ചെന്ന കണക്ക് പെരുപ്പിച്ചതാണെന്നും സര്‍ക്കാര്‍ നടത്തുന്ന പ്രചാരണം കളളമാണെന്നും സേവ് എഡ്യൂക്കേഷന്‍ കമ്മറ്റി സംസ്ഥാന സെക്രട്ടറി എം ഷാജഖാന്‍ പറഞ്ഞു.
