റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ഹരിത തിരഞ്ഞെടുപ്പ്: പ്രചാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

March 22, 2021 - 9:19 pm

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടാൻ ഇടയുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും കഴിയുന്നിടത്തോളം പ്രകൃതിസൗഹൃദ വസ്തുക്കൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഹരിത തിരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നത്. ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തലം മുതൽ ബൂത്ത് തലം വരെയുള്ള സഹായസഹകരണങ്ങൾക്ക് ജില്ലാ ഹരിത കേരള മിഷനേയും ശുചിത്വമിഷനെയും  ബന്ധപ്പെടാവുന്നതാണ്. മിഷനുകളുടെ ഓഫീസുമായി ബന്ധപ്പെട്ടാൽ ഹരിതചട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി ലഭിക്കും. കുടുംബശ്രീയുടെയും പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതിന് കേരള കമ്പനിയുടെയും സഹായങ്ങൾ ലഭ്യമാണ്.

ഹരിത തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 13 മണ്ഡലങ്ങളിലെയും ബൂത്തുകളിൽ പ്രചാരണത്തിന് എന്തൊക്കെ എങ്ങനെ ഉപയോഗിക്കാം, ഉപയോഗിക്കാതിരിക്കാം എന്നതിന്റെ വിശദാംശങ്ങൾ –

1. പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ബോർഡുകൾ ഉപയോഗിക്കാൻ പാടില്ല. പകരം കോട്ടൺ തുണിയിൽ പ്രിൻറ് ചെയ്ത ബോർഡുകൾ, കോട്ടൺ തുണിയിൽ എഴുതിത്തയ്യാറാക്കിയ ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയം ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ബോർഡുകൾ എന്നിവ ഉപയോഗിക്കാം. കൂടാതെ പ്രകൃതിസൗഹൃദ വസ്തുക്കളായ, പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചും ആകർഷകമായ രീതിയിൽ ബോർഡുകളുണ്ടാക്കാം.

2. കൊടി തോരണങ്ങൾ പ്ലാസ്റ്റിക് കലർന്ന തുണി ഉള്ളവ, നോൺ വൂവൻ പോളിപ്രോപ്പിലിൻ ഉപയോഗിച്ചുള്ളവ നിരോധിച്ചതാണ്. പകരം കോട്ടൺ തുണികൾ കൊണ്ടുള്ള കൊടികളാവാം. തോരണങ്ങൾ പേപ്പറിലോ കോട്ടൺ തുണിയിലോ ആകാം.

3. സ്ഥാനാർത്ഥികളുടെ ഭവന സന്ദർശനത്തിന് പോകുന്ന സ്ക്വാഡുകൾ ഓരോ സ്റ്റീൽ ബോട്ടിൽ കൂടി സഞ്ചിയിൽ കരുതിയാൽ കുപ്പിവെള്ളം ഒഴിവാക്കാം. ആഹാര പാഴ്സലുകൾ പാത്രങ്ങളിലോ വാഴയിലയിലോ പൊതിഞ്ഞു വാങ്ങുക. സമ്മേളനങ്ങളിലും റാലികളിലും ഡിസ്പോസിബിൾ കപ്പുകൾ ഉപയോഗിക്കുക. 

4. പര്യടന വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. ഫ്ലക്സും പ്ലാസ്റ്റിക്കും തെർമോകോളും ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായും ഒഴിവാക്കി തുണിയും പേപ്പറും ഉൾപ്പെടെയുള്ള പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കാം. സ്ഥാനാർഥികളെ സ്വീകരിക്കാൻ പ്ലാസ്റ്റിക് ഹാരങ്ങൾക്ക് പകരം കോട്ടൺ നൂൽ, തോർത്ത്, പൂക്കൾ എന്നിവ കൊണ്ടുള്ളവ ഉപയോഗിക്കാം.

5. കോവിഡ് പശ്ചാത്തലത്തിൽ പ്രചാരണവേളയിൽ പ്രവർത്തകർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കണം. ഡിസ്പോസിബിൾ പാത്രങ്ങൾക്ക് പകരം സ്റ്റീൽ കൊണ്ടുള്ളവ ഉപയോഗിക്കാം. 

6. ചുവരെഴുത്തുകൾക്ക് പകരം ചുവരിൽ ഫ്ലക്സുകൾ ഒട്ടിക്കുന്നതും ഫോട്ടോകളുടെ ഫ്ലക്സുകൾ ഒട്ടിക്കുന്നതുമായ പ്രവണത ഒഴിവാക്കണം. ചുവരെഴുത്ത് എന്നാൽ ചുവരിൽ ബ്രഷ് ഉപയോഗിച്ചുള്ള എഴുത്ത് തന്നെയാവണം. ആർച്ച് ഉണ്ടാക്കുമ്പോൾ കോട്ടൺ തുണി എഴുതിയ ബാനർ തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തണം. 

7. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ബോർഡുകളും കൊടികളും തോരണങ്ങളും എല്ലാം സ്ഥാപിച്ചവർ തന്നെ ശേഖരിച്ചു തരംതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനകൾക്ക് കൈമാറണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *