ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം നിറയ്ക്കുന്ന ഇരുചക്ര വാഹന റാലികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ് ഇരുചക്രവാഹന റാലികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയാണു കമ്മിഷന്‍ ഉത്തരവ്. ചിലയിടങ്ങളില്‍ ബൈക്ക് റാലികളുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നടപടിയെന്നു കമ്മിഷന്‍ വിശദീകരിക്കുന്നു. വോട്ടെടുപ്പുദിവസമോ മുമ്പോ വോട്ടര്‍മാരില്‍ ഭയം കുത്തിവയ്ക്കുന്നതടക്കമുള്ള സാമൂഹികവിരുദ്ധ ഘടകങ്ങള്‍ക്കു ബൈക്ക് റാലികള്‍ ദുരുപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ കമ്മിഷന്‍ ഓഫീസുകള്‍ക്കയച്ച കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നിരീക്ഷകരും ഉറപ്പാക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
