ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടി കങ്കണ റണാവത്ത്, മികച്ച നടന്‍ ബോളിവുഡ് താരം മനോജ് വാജ്പേയിക്കും ധനുഷിനുമാണ് ലഭിച്ചത്. വിജയ് സേതുപതിക്കാണ് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്.
ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മലയാള ചിത്രം ബിരിയാണിക്ക് മികച്ച മലയാള ചിത്രത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ഒരു പാതിരാ സ്വപ്‌നം പോലെ എന്ന മലയാള ചിത്രത്തിന് നോണ്‍ ഫീച്ചര്‍ കാറ്റഗറിയിലെ മികച്ച കുടുംബ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ സംവിധായകന്‍. സത്യജിത്ത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആന്‍ എന്‍ജിനിയേട് ഡ്രീം എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച നോണ്‍ ഫീച്ചര്‍ ചലച്ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഹേമന്ത് ഗാബയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും.
2019ലെ മികച്ച ചിത്രങ്ങള്‍ക്കും, കലാകാരന്‍മാര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ്മാസത്തില്‍ നടക്കാനിരുന്ന പുരസ്‌കാര ചടങ്ങ് കൊവിഡിനെ തുടര്‍ന്നാണ് മാറ്റി വെച്ചത്. ഇന്‍ഫോര്‍മേഷന്‍ മിനിസ്ട്രിയുടെ കീഴില്‍ വരുന്ന ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫസ്റ്റിവല്‍സ് എന്ന സംഘടനയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പിഐബി ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് പ്രഖ്യാപനങ്ങള്‍ ലൈവായി നടന്നത്.
