റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി

March 25, 2021 - 9:11 am

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഹര്‍ജിക്കാരനായ ഇഡിജോയിന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുളള നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.കേസില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഈ സാഹചര്യത്തില്‍ നടപടിയുണ്ടാകുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് 30 ലേക്ക് മാറ്റി. സ്വപ്‌നയുടെ ശബ്ദരേഖയുടേയും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് അരുണ്‍ പരിഗണിച്ചത്.

ഇഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. കേസ് നിലനില്‍ക്കില്ലെന്ന് ഇഡി വാദിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് സ്വപ്‌ന പ്രമുഖരുടെ പേരുകള്‍ പറഞ്ഞതെന്നാണ് ഇഡിയുടെ വാദം. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലല്ല ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചോദ്യം ചെയ്യലിനിടെ സ്വപ്‌ന സുരേഷിനൊപ്പം വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നില്ല. അതിനെതിരെ സ്വപ്‌ന മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയില്‍ പറഞ്ഞിട്ടില്ല.

പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റകൃത്യം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ ആരുടെയോ പേരുപറയാന്‍ ഭീഷണി പ്പെടുത്തിയെന്നാണ് പറയുന്നതെന്നും ആര്‍ക്കെതിരെയും എന്തെങ്കിലും പറഞ്ഞതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇല്ലെന്നും എഫ്‌ഐ ആര്‍ നിലനില്‍ക്കില്ലെന്നും തുഷാര്‍മേത്ത ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതിനെ ക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹര്‍ജി.

Share
Tagged
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *