മുംബൈ; മുകേഷ് അമ്പാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ മൂന്നുവരെ നീട്ടി. സ്‌ഫോടക വസ്തു കണ്ടെത്തിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരേന്‍ കൊല്ലപ്പെട്ട കേസിലും വാസെ പ്രതിയാണ്. അതേസമയം കേസില്‍ താന്‍ ബലിയാടാക്കപ്പെടുക ആയിരുന്നുവെന്ന സച്ചിന്റെ ആരോപണം കോടതി തളളി.
സച്ചിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. വാസെയുടെ വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത 62 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. അദ്ദേഹത്തിന്റെ സര്‍വീസ് റിവോള്‍വറിനായി നല്‍കിയ 30 ബുളളറ്റുകളില്‍ 5 എണ്ണം മാത്രമേ കണ്ടെത്തിയുളളു. ബാക്കിയുളളവ എവിടെയെന്നതിന് കൃത്യമായ മറുപടില്ലെന്ന് എന്‍ഐഎ പറഞ്ഞു.
വാസെക്കെതിരെ യു പി എ ചുമത്തിയത് വാസെയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. സംശയാസ്പദമായി കാറില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും ഒരു ഡെറ്റണേറ്ററിന്റെ സഹായമില്ലാതെ ജലാറ്റിന്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്താനാവില്ലെന്നും അതിനാല്‍ ഈ കേസില്‍ യുപിഎ ചുമത്താനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
