ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത് 93,249 കോവിഡ് കേസുകള്‍. ഇതോടെ പുതിയ കോവിഡ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെത്തി. യു.എസ്.(66,154), ബ്രസീല്‍(41,218) എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നിലായി. ഇന്ത്യയില്‍ ഏഴു ലക്ഷം പേരാണു ചികിത്സയില്‍ കഴിയുന്നത്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 80.96% മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 49,447 . അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 7.5 കോടി പിന്നിട്ടു. രോഗികളുടെ എണ്ണം വീണ്ടും കുതിക്കുന്നതിനിടെയാണു വാക്‌സിനേഷനും വേഗംകൂട്ടിയത്. 11,99,125 സെഷനുകളിലായി 7,59,79,651 പേര്‍ക്കാണു വാക്‌സിന്‍ വിതരണം ചെയ്തതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു കോടി ജനങ്ങളാണു വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ളത്.
