ഗോഹട്ടി; ആസാം മുന്‍ മുഖ്യമന്ത്രി ഭൂമിധര്‍ ബര്‍മന്‍ (91) അന്തരിച്ചു. ഗോഹട്ടിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബര്‍മന്‍ രണ്ടുതവണ ആസാം മുഖ്യമന്ത്രിയായിട്ടുണ്ട്. മുഖ്യമന്ത്രി ആയിരുന്ന ഹിതേശ്വര്‍ സൈക്കിയ അന്തരിച്ചതിനെ തുടര്‍ന്ന് 1996 ഏപ്രില്‍ 22 മുതല്‍ മെയ് 14 വരെ ബര്‍മന്‍ മുഖ്യമന്ത്രിയായിരുന്നു. 2010 ല്‍ അന്നത്തെ മുഖ്യമന്ത്രി തരുണ്‍ഗോഗോയ് ഹൃദയ ശസ്ത്രക്രിയക്കു വിധേയനായപ്പോള്‍ ബര്‍മന്‍ ഏതാനും നാള്‍ മുഖ്യമന്ത്രിയിയിരുന്നു. ഹിതേശ്വര്‍ സൈക്കിയ , തരുണ്‍ ഗോഗോയ് എന്നിവരുടെ മന്ത്രിസഭകളില്‍ ആരോഗ്യം , വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ബര്‍മന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ഏഴുതവണ നിയമസഭാംഗമായ ഇദ്ദേഹം 1967 ലാണ് ആദ്യമായി വിജയിക്കുന്നത്. ബോര്‍ഖെത്രി മണ്ഡലത്തില്‍ നിന്ന് നാലു തവണയും, നല്‍ബാരി വെസ്റ്റില്‍ നിന്ന് രണ്ടുതവണയും, ധര്‍മാപൂരില്‍ നിന്ന് ഒരുതവണയും ബര്‍മന്‍ നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1958 ല്‍ ദിബ്രുഗഡിലെ ആസാം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയിരുന്നു. മകന്‍ ദിഗന്ത ഹര്‍മന്‍ ഇത്തവണ ബോര്‍ഖെത്രി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.
