ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ‘തെരുവില്‍ കഴിയുന്ന സാധാരണക്കാരനെ വിട്ടേക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജഡ്ജി ആയ തനിക്ക് രോഗം വന്നാല്‍ പോലും ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടക്ക കിട്ടാനുളള സാധ്യത വളരെ കുറവാണ്’ ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് വിപിന്‍ സംഖി പറഞ്ഞു.
ഡല്‍ഹിയിലേയും ദേശീയ തലസ്ഥന മേഖലയിലേയും ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. കോവിഡ് രോഗികള്‍ക്കുളള ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഓക്‌സിജന്‍ ടാങ്കറുകള്‍ക്ക് വഴിയില്‍ തടസം നേരട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്രമിനല്‍ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റീസ് രേഖാപാലി കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. യുപിയിലേയും ഹരിയാനയിലേയും പ്ലാന്‍റുകളില്‍ നിന്നുളള ഓക്‌സിജന്‍ ടാങ്കറുകളുടെ യാത്ര പലയിടത്തും തടസപ്പെടുന്നുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
