മുംബൈ: കൊവിഡ് വ്യാപനത്തിനിടയിൽ നൻമയുടെ എത്ര മുഖങ്ങളാണ് നാട്ടിലെങ്ങും പ്രത്യക്ഷപ്പെടുന്നത്..
ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുമ്പോൾ 85 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്നും ചിലവിട്ട് 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുകയാണ് നാഗ്പൂരിലെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടറായ പ്യാരെ ഖാന്‍.
ഓക്‌സിജന്‍ നല്‍കിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നായിരുന്നു പ്യാരെ ഖാൻ്റെ മറുപടി. വിശുദ്ധ റംസാന്‍ മാസത്തില്‍ ഇത് ചെയ്യുകയെന്നത് തന്റെ, കടമയാണെന്നും സക്കാത്തായാണ് താന്‍ ഇതിനെ കണക്കാക്കുന്നതെന്നും പ്യാരെ ഖാന്‍ പറയുന്നു.
മാനവികതയ്ക്കുള്ള തന്റെ സേവനമായി ഇതിനെ കണക്കാക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതൊരു പ്രതിസന്ധി ഘട്ടമാണ് എല്ലാ സമുദായത്തിലുള്ളവര്‍ക്കും ജീവവായു എത്തിക്കുകയെന്നത് ഒരു സേവനം കൂടിയാണ്, പ്യാരെ ഖാന്‍ പറയുന്നു.
ആവശ്യം വരികയാണെങ്കില്‍ ബ്രസല്‍സില്‍ നിന്ന് എയര്‍ലിഫ്റ്റിലൂടെ ടാങ്കറുകള്‍ എത്തിക്കാമെന്നും അതിന് ശ്രമിക്കാമെന്നും പ്യാരെ ഖാന്‍ ഒരു ദേശീയ ദിനപത്രത്തോട് 25/04/21 ഞായറാഴ്ച പറഞ്ഞു.
1995 ല്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ഓറഞ്ച് വില്‍പ്പനക്കാരനായിട്ടായിരുന്നു പ്യാരെ ഖാന്റെ തുടക്കം. താജ്ബാഗിലെ ചേരിയില്‍ താമസിച്ചിരുന്ന പലചരക്ക് വ്യാപാരിയുടെ മകനായിരുന്ന പ്യാരെ ഖാന്‍ ഇന്ന് 400 കോടി മൂലധനം വരുന്ന കമ്പനികളുടെ ഉടമയാണ്.
