കൊട്ടാരക്കര: തന്റെ ഒരു സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് അച്ഛന്‍ ആര്‍.ബാലകൃഷണപിളള യാത്രയായതെന്ന് ഗണേഷ് കുമാര്‍. അച്ഛന്റെ മുഖത്ത് ക്യാമറ വെച്ച് സ്റ്റാര്‍ട്ട് ആക്ഷന്‍ പറയാനുളള ഒരുക്കത്തിലായിരുന്നു ഗണേഷ്. അച്ഛന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതവും ആറര പതിറ്റാണ്ടുകാലത്തെ എന്‍.എസ്എസ് പ്രവര്‍ത്തനവും അടങ്ങുന്ന ജീവിതം, പകര്‍ത്തുന്ന രണ്ട് ഡോക്യുമെന്ററികളായിരുന്നു ഗണേഷിന്റെ മനസില്‍ .എന്നാല്‍ കോവിഡും ലോക്ക്ഡൗണും കാരണം ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
മകന്‍ ഗണേഷ്‌കുമാര്‍ സിനിമയില്‍ ചുവടുവയ്ക്കുന്നതിന് ഏറെ മുമ്പേ ഒരഭിനേതാവ് കൂടിയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തകനായ ബാലകൃഷ്ണപിളള. പഠിക്കുന്ന കാലത്തുതന്നെ പിളളക്ക് നാടകങ്ങളോട് ഭ്രമമുണ്ടായിരുന്നു. ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അടുത്ത സുഹൃത്തായ കലാനിലയം കൃഷ്ണന്‍നായര്‍ നിര്‍മ്മിച്ച് എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത നീലസാരിയില്‍ വേഷം ചെയ്തുകൊണ്ട് വെളളിത്തിരയിലെത്തിയ ബാലകൃഷ്ണപിളള പിന്നീട് പി ഗോപികുമാര്‍ സംവിധാനം ചെയ്ത ഇവള്‍ ഒരു നാടോടി എന്ന ചിത്രത്തിലും മുഖം കാണിച്ചു. പിന്നീട് രാഷ്ട്രീയ തിരക്കുകള്‍ മുഖാന്തിരം സിനിമാ രംഗം വിടുകയായിരുന്നു.
കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍.ബാലകൃഷ്ണപിളളയുടെ വിയോഗം കേരളം വേദനയോടെയാണ് കേട്ടത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മകന്‍ ഗണേഷ് കുമാറാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്.
