കൊല്‍ക്കത്ത: നാരദ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരെ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി. സിബിഐ കോടതി നല്‍കിയ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെ ജയിലിലേക്ക് മാറ്റിയത്. പ്രതികള്‍ക്ക് സ്വാധീനമുള്ളതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം സ്റ്റേ ചെയ്തത്.
അതിനിടെ ഫിര്‍ഹാദ് ഹക്കീമിന്റെ മകള്‍ ഷബ്ബ ഹക്കീം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അമിത് ഷാക്കെതിരെയും ആരോപണവുമായി രംഗത്തെത്തി. ബംഗാളില്‍ ജനാധിപത്യപരമായി വിജയിക്കാന്‍ കഴിയാത്തതിനാല്‍ മോദിയുടെയും അമിത് ഷായുടെയും ഗൂഡാലോചനയാണ് ഈ അറസ്റ്റ്. ഇതിലൂടെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളെ അറസ്റ്റു ചെയ്ത് രാഷ്ട്രപതി ഭരണത്തിനുള്ള വഴി അവര്‍ കണ്ടെത്തുകയാണെന്നും ഷബ്ബ ഹക്കീം ആരോപിച്ചു.
