ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സൗമ്യയുടെ മകൻ അഡോണിനെയും, ഭർത്താവ് സന്തോഷിനെയും അച്ഛനമ്മമാരെയും മന്ത്രി ആശ്വസിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ് മന്ത്രി സൗമ്യയുടെ വീട്ടിലെത്തിയത്. സൗമ്യ കൊല്ലപ്പെട്ടിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും സംസ്ഥാന ഗവണ്മെന്റ് പ്രതിനിധികൾ ആരും വീട് സന്ദർശിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഫോണിൽ വിളിക്കുകയും കോൺസുലേറ്റ് ജനറൽ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുകയും ചെയ്തു. എന്നിട്ടും സംസ്ഥാന ഗവണ്മെന്റിനെ പ്രതിനിധീകരിച്ച് ആരും എത്താതിരുന്നത് അപലപനീയമാണ്. കേരളത്തിൽ തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് സൗമ്യയെ പോലുള്ളവർ വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടി പോകേണ്ടി വരുന്നത്. അതു കൊണ്ട് തന്നെ മതിയായ ധന സഹായം കുടുംബത്തിന് നൽകാൻ സംസ്ഥാന ഗവണ്മെന്റ് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മകന്റെ വിദ്യാഭ്യാസകാര്യത്തിലടക്കം സർക്കാരിന്റെ പിന്തുണയുണ്ടാവണം. ഇസ്രയേലിൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമെല്ലാം കേന്ദ്ര ഗവണ്മെന്റ് കൃത്യമായി ഇടപെട്ടെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി. രാവിലെ പത്തേകാലിന് സൗമ്യയുടെ വീട്ടിലെത്തിയ മന്ത്രി അരമണിക്കൂറിലധികം വീട്ടിൽ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
