ന്യൂഡല്‍ഹി: പുതുക്കിയ ആദായനികുതി റിട്ടേണ്‍ ഇ-ഫയലിങ് പോര്‍ട്ടല്‍ പുറത്തിറക്കി. എളുപ്പത്തില്‍ നികുതി കണക്കാക്കാനും ഫയല്‍ ചെയ്യാനുമുള്ള സൗകര്യം പോര്‍ട്ടലിലുണ്ട്. ഇതൊടപ്പം ഐടിആര്‍ ഫയല്‍ചെയ്യുന്നതിന് സൗജന്യ സോഫ്റ്റ് വെയറും അവതരിപ്പിച്ചിട്ടുണ്ട്. റിട്ടേണ്‍ നല്‍കിയ ഉടനെ പ്രൊസസിങ് നടക്കുകയും ഉടനടി റീഫണ്ടും നല്‍കുകയും ചെയ്യുന്ന രീതിയിലാണ് സൈറ്റ് പരിഷ്‌കരിച്ചിരിക്കുന്നത്. ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഒരു ഡാഷ്ബോര്‍ഡില്‍ കാണിക്കും. തുടര്‍ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങള്‍ അതില്‍ ഉണ്ടാകും. അന്വേഷണത്തിന് യഥാസമയം മറുപടി നല്‍കാന്‍ കോള്‍സെന്റര്‍ സേവനവും ഓണ്‍ലൈനായി നികുതി അടയ്ക്കാന്‍ യുപിഐ ഉള്‍പ്പടെയുള്ള സൗകര്യവും ലഭ്യമാണ്. അതേസമയം, ഇ-ഫയലിങ് പോര്‍ട്ടലിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പ് ജൂണ്‍ 18ന് പുറത്തിറക്കും.
