തൃശ്ശൂർ: വ്യാപാര മേഖലയുടെ ശ്വാസം മുട്ടിച്ചുകൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി14/06/21 തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് നിയന്ത്രണം പിൻവലിക്കുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കുക, വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും ഓൺലൈൻ കുത്തക വ്യാപാരികൾക്ക് പൂർണമായ പ്രവർത്തനാനുമതി നൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, വ്യാപാരികളുടെ ബാങ്ക് വായ്പകൾക്ക് പലിശരഹിത മോറട്ടോറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 200 ഓളം കേന്ദ്രങ്ങളിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിലെ വ്യാപാരികൾ അവരവരുടെ വീടുകളിൽ നിന്ന് പ്രക്ഷോഭത്തിൽ അണിചേർന്നു. പ്രതിഷേധ പരിപാടികൾക്ക് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൾ ഹമീദ് , ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ, ജില്ലാ ട്രഷറർ ജോർജ് കുറ്റിചാക്കു എന്നിവർ നേതൃത്വം നൽകി.
