റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണകടത്തുകേസില്‍ പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്‌

June 22, 2021 - 3:42 pm

കൊച്ചി: വിമാനത്താവളം വഴിയുളള സ്വര്‍ണകടത്ത്‌ പ്രതികളായ സരിത്ത്‌, സന്ദീപ്‌, റമീസ്‌ എന്നിവരുടെ പങ്കാളിത്തവും ഗൂഡാലോചനയും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്‌. പ്രതികള്‍ക്ക്‌ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനൊപ്പം ടെലിഗ്രം സന്ദേശങ്ങളും കസ്‌റ്റംസ്‌ നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്‌ തുടങ്ങിയശേഷം കേസിലെ മുഖ്യ പ്രതികളായ സരിത്ത്‌, സന്ദീപ്‌, റമീസ്‌ എന്നിവര്‍ അയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ്‌ കാരണം കാണിക്കല്‍ നോട്ടീസിലുളളത്‌. സിപിഎം കമ്മറ്റി എന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ്‌

2019 ഡിസംബര്‍ ഒന്നിനാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്ന ആദ്യ ചാറ്റ്‌ തുടങ്ങുന്നത്‌. ആദ്യ ചരക്കില്‍ 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന്‌ ചാറ്റില്‍ സരിത്ത് പറയുന്നു. ഓരോതവണയും വിമാനത്താവളത്തിലത്തുന്ന സ്വര്‍ണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ് ഇവരുടെ ചാറ്റില്‍ നടന്നത്‌. ബാഗേജിന്റെ ഭാരംസംബന്ധിച്ച ഒരു ചാറ്റില്‍ ആശങ്ക പ്രകടിപ്പിച്ച സരിത്തിന്‌ റമീസ് ധൈര്യം പകരുന്നുണ്ട്‌. ലാന്‍ഡ്‌ ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഗമമായി കടത്തുമെന്നാണ് പറയുന്നത്‌. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജില്‍ നയതന്ത്ര കാര്‍ഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന്‌ സരിത്ത് കര്‍ശനമായി പറയുന്നു. ബാഗേജ്‌ സ്വീകരിക്കുന്ന കോണ്‍സുല്‍ ജനറലിന്റെ പേരിന്‌ പകരം ബംഗാളി പേര്‌ നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. 2019 ഡിസംബര്‍ 19ന്‌ നടത്തിയ ചാറ്റില്‍ സ്വര്‍ണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്‌. 23ന്‌ മറ്റൊരു ബാഗേജും സരിത്ത്‌ കൈകാര്യം ചെയ്‌തു. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവച്ചാണ്‌ ചാറ്റ്‌ അവസാനിപ്പിക്കുന്നത്‌. ചാറ്റിന്‌ പുറമേ വോയ്‌സ്‌ സന്ദേശങ്ങളും കുറ്റപത്രത്തിന്‌ സമാനമായ കാരണം കാണിക്കല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണം കടത്താന്‍ യുഎഇ കോണ്‍സുല്‍ ജനറലും, അറ്റാഷയും നടത്തിയ കുടില നീക്കങ്ങളാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ വെളിപ്പെടുത്തുന്നത്‌. അഞ്ചുമാസത്തിനിടെ കോണ്‍സുല്‍ ജനറല്‍ ജമാല്‍ഹുസൈന്‍ അല്‍സാബി 95 കിലോ സ്വര്‍ണവും അറ്റാഷെ 75 കിലോ സ്വര്‍ണവും കടത്താന്‍ കൂട്ടുനിന്നിട്ടുണ്ട്. ദുബായില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ നിര്‍മാണ ചെലവിനായും ജര്‍മനിയിലെ തന്റെ ബിസിനസിനായും അല്‍സാബിക്ക്‌ പണം ആവശ്യമായിരുന്നു. ജര്‍മനിയിലെ തന്റെ ബിസിനസില്‍ പങ്കാളിയാവാന്‍ സ്വപ്‌നയേയും അല്‍സാബി ക്ഷണിച്ചിരുന്നു. 2020 ഏപ്രില്‍ രണ്ടിനാണ്‌ അല്‍സാബി യുഎയിലേക്ക് തിരിച്ചുപോയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *