കോഴിക്കോട് : കോഴിക്കോട് ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുളള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ അറസ്‌റ്റിലായി. മൂന്നാമനുവേണ്ടി അന്വേഷണം തുടരുകയാണ്. 2021 ജൂലായ് 4 ഞായറാഴ്ചയാ യിരുന്നു സംഭവം.
വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസിലേക്ക് പിടിച്ചുകയറ്റി പീഡിപ്പിച്ചെന്നാണ് പരാതി. ഒറ്റക്ക് നടന്നുപോകുന്ന പെണ്‍കുട്ടി മാനസീകമായ വെല്ലുവിളികള്‍ നേരിടുന്നയാളാണെന്ന മനസിലാക്കിയ പ്രതികള്‍ യുവതിയുമായി അടുത്തശേഷം ബസിലേക്ക് പിടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബസ് ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്‌തിരിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ പ്രതികള്‍ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു.
വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിലും ശരീര ഭാഷയിലും അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കിയപ്പോഴാണ് കൂട്ട ബലാത്സംഗം നടന്നതിന്റെ സൂചനകള്‍ ലഭിച്ചത്. പീഡനം നടന്നുവെന്ന് ഉറപ്പായ വീട്ടുകാര്‍ ചേവായുര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചു. തുടര്‍ന്നുളള അന്വേഷണത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. മൂന്നാമനുവേണ്ടി തെരച്ചില്‍ നടത്തി വരികയാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരായ സി.സി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയട്ടുണ്ട്. യുവതിയെ ബസ് നിര്‍ത്തിയട്ടിരുന്ന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചു.
