ന്യൂഡല്‍ഹി: ജൂണില്‍ ജി.എസ്.ടി. വരുമാനം ഇടിഞ്ഞ് ലക്ഷത്തില്‍ താഴെയായി. എട്ടു മാസത്തിനുശേഷം ഇതാദ്യമായാണ് ജി.എസ്.ടി. വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കു താഴെയെത്തുന്നത്. 92,849 കോടി രൂപയാണ് കഴിഞ്ഞമാസം ജി.എസ്.ടി. വരുമാനം. അതേസമയം 2020 ജൂണിനെ അപേക്ഷിച്ച് വരുമാനം രണ്ടു ശതമാനം വര്‍ധിച്ചിട്ടുണ്ട്.കോവിഡിനെ തുടര്‍ന്നു വരുമാന സ്രോതസുകള്‍ അടയുകയും ചെലവു വര്‍ധിക്കുകയും ചെയ്ത സര്‍ക്കാരിനു ഇതു വലിയ തലവേദനയാണ്. എന്നാല്‍ പ്രാദേശിക ലോക്ക്ഡൗണുകളില്‍ ഇളവുണ്ടായ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ജി.എസ്.ടി. വരുമാനം വര്‍ധിക്കുമെന്നാണു നിഗമനം. കേന്ദ്ര ജി.എസ്.ടി. ഇനത്തില്‍ 16,424 കോടി രൂപയും സ്റ്റേറ്റ് ജി.എസ്.ടി. ഇനത്തില്‍ 20,397 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി.എസ്.ടി. ഇനത്തില്‍ 49,079 കോടി രൂപയുമാണ് സമാഹരിച്ചത്. സെസായി 6,949 കോടി രൂപയും ലഭിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി.മേയിലെ ബിസിനസ് ഇടപാടുകളാണ് ജൂണിലെ കണക്കുകളില്‍ പ്രതിഫലിക്കുക. കോവിഡ് രണ്ടംതരംഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു മേയില്‍ രാജ്യത്ത് പ്രാദേശിക ലോക്ക്ഡൗണുകള്‍ ശക്തമായിരുന്നു. ചരക്ക് ഗതാഗതത്തിനടക്കം നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതാണ് വരുമാനം കുറയാന്‍ പ്രധാന കാരണം. ജൂണില്‍ ജി.എസ്.ടി. വരുമാനത്തില്‍ തിരിച്ചടി നേരിടുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
