കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷേര്‍ ബഹാദുര്‍ ദൂബ അധികാരമേറ്റു. പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ശുപാര്‍ശ സുപ്രീംകോടതി റദ്ദാക്കിയതോടെയാണു ദുബ അധികാരത്തിലെത്തുന്നത്.
പുതിയ കോടതി ഉത്തരവ് പ്രകാരം ജൂലായ് 18നകം പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണം. അധികാരമേറ്റ് 30 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പ്രസിഡന്റ് ഷേര്‍ ബഹാദുര്‍ ദുബെയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6 മണിക്ക് നടത്താനിരുന്ന ചടങ്ങ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2 മണിക്കൂര്‍ വൈകിയാണ് നടത്തിയത്.
തന്റെ നിയമന ഉത്തരവില്‍ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് പ്രധാനമന്ത്രിയായി നിയമിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുബെ സത്യപ്രതിജ്ഞ ചെയ്യാന്‍ ആദ്യം വിസമ്മതിച്ചത്.പിന്നീട് പ്രസിഡന്റിന്റെ ഓഫീസ് പുതുക്കിയ നിയമന ഉത്തരവ് നല്കിയ ശേഷം അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു.
