റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

July 19, 2021 - 4:14 pm

തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ, പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 10 കാറുകൾ, ബുള്ളറ്റ് ഉൾപ്പെടെ 40 ഇരുചക്രവാഹനങ്ങൾ, 20 സൈക്കിളുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുന്നു. വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും.  

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളേജ്, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതൽ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തനസജ്ജമായി. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും നിലവിൽവന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *