റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിനെ ചൊല്ലി തര്‍ക്കം; ഡോക്ടറെ പഞ്ചായത്ത് പ്രസിഡണ്ടും സംഘവും മര്‍ദിച്ചു; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

July 25, 2021 - 8:18 pm

ആലപ്പുഴ: കുട്ടനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കേന്ദ്രത്തില്‍ മിച്ചം വന്ന വാക്‌സിന്റെ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് മര്‍ദ്ദനം. സംഭവത്തില്‍ കൈനകിരി പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എംസി പ്രസാദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

മിച്ചം വന്ന വാക്‌സിന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും നിര്‍ദേശിച്ച പ്രകാരം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് പാലിയേറ്റീവ് കെയറില്‍ വിതരണം ചെയ്യാന്‍ വേണ്ടി കൊണ്ടുവന്നതാണെന്ന് അറിയിച്ചതോടെയാണ് തര്‍ക്കം ഉണ്ടായതെന്നാണ് സൂചന.

സാധാരണ ഗതിയില്‍ വളരെ വേഗത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ നടപടികള്‍ ഡോക്ടര്‍ വൈകിപ്പിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയതെന്നാണ് പ്രസിഡണ്ടിന്റെ വാദം. 9 വാക്‌സിനുകള്‍ കേന്ദ്രത്തില്‍ അവശേഷിക്കുന്നുണ്ടായിട്ടും മൂന്ന് പേര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ഡോക്ടര്‍ നറുക്കെടുക്കുകയായിരുന്നുവെന്നും പ്രസിഡണ്ട് പറഞ്ഞു.

എന്നാല്‍ വാക്‌സിന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.

‘നിങ്ങള്‍ നില്‍ക്കുന്നത് കൈനകിരിയിലാണ്. ഇവിടുന്ന് പോകുന്നത് കാണണം എന്ന് പറഞ്ഞ് കോളറില്‍ കയറി പിടിക്കുകയായിരുന്നു. ആദ്യം ഞാന്‍ പ്രതിരോധിച്ചു. കൈയ്യില്‍ ഫോണുണ്ടായിരുന്നതിനാല്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഫോണ്‍ തട്ടിപ്പറിച്ചു. പിന്നാലെ ഞാന്‍ അകത്ത് കയറി കതകടച്ചു. എന്റെ സഹപ്രവര്‍ത്തകരില്‍ ആരോ ആണ് പൊലീസിനെ വിവരം അറിയിച്ചത്. അവര്‍ ഇടപെട്ട് ഞാന്‍ പുറത്തേക്കിറങ്ങുകയായിരുന്നു.’ ഡോ. ശരത് ചന്ദ്ര ബോസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *