റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുകേഷും ഭാര്യയും വേർപിരിയുന്നുവോ ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

July 26, 2021 - 6:44 pm

കൊല്ലം : നീണ്ട ഒമ്പത് വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചുകൊണ്ട് നടൻ മുകേഷും നർത്തകിയായ ഭാര്യ മേതിൽ ദേവികയും വേർപിരിയുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദേവിക കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തിങ്കളാഴ്ച രാവിലെ മുതൽ പ്രചരിക്കുന്നത്.

മുകേഷ് ദേവിക വിവാഹമോചന വാർത്ത ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുകേഷ് തോൽപ്പിച്ച കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. മുകേഷിനെതിരെ സ്വമേധയാ കേസെടുക്കാൻ വനിതാ കമ്മീഷൻ തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ പോസ്റ്റിൽ ആവശ്യപ്പെട്ടു.

ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എം മുകേഷിന്റയും ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മേതിൽ ദേവിക എന്ന വനിതാ അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിനെതിരെ സ്വമേധയാ കേസെടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം.

കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ കവച്ചുവെയ്ക്കുന്ന പൂരപ്പാട്ട് മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരളജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിന്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. ആ സമയത്തൊക്കെ മുകേഷിനെ സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മുകേഷിന്റെ നിലവിലെ കുടുംബ ജീവിതത്തിൽ അസ്വാരസ്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും കുടുംബപ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. മേതിൽ ദേവികയിലെ കുലീനത ഞാൻ മനസ്സിലാക്കിയത് അന്ന് മുകേഷിനെതിരെ ഒരു വാക്കുകൊണ്ടു പോലും എതിരഭിപ്രായം പറയാൻ തയ്യാറാവാത്ത അവരുടെ അന്നത്തെ നിലപാടിലൂടെ ആയിരുന്നു. നെഗറ്റീവ് വാർത്തകളിലിടം പിടിക്കാതിരിക്കാനും ആ സ്ത്രീ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ഞാൻ കുടുംബത്തിനൊപ്പം എടുത്ത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ പരിഹാസ രൂപത്തിൽ കമന്റ് എഴുതിയ മുകേഷ് സ്വന്തം കുടുംബം തന്നിൽ നിന്നും അകന്നു എന്ന യാഥാർഥ്യം മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. അസത്യ പ്രചരണങ്ങൾ കൊണ്ടാണ് അദ്ദേഹം എനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതു തന്നെ.

പച്ചക്കള്ളങ്ങൾ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിക്കുകയും ചെയ്ത് കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട മുകേഷിനെതിരെ അസത്യ പ്രചരണങ്ങൾ നടത്താനോ അദ്ദേഹത്തിന്റെ വാസ്തവവിരുദ്ധമായ പ്രചരണങ്ങൾക്ക് മറുപടി പറയാനോ ഞങ്ങൾ ശ്രമിച്ചിരുന്നില്ല. തെരഞ്ഞെടുപ്പുകാലത്ത് മേതിൽ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് ആയുധമാക്കാതിരുന്നതും സ്ത്രീകളുടെ കഴിവുകേടല്ല എന്ന് മനസ്സിലാക്കാൻ മുകേഷിന് കഴിയാതെ പോയി.

ഭാര്യ എന്ന നിലയിൽ മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായ് തോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ മുകേഷിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ പോസ്റ്റിൽ പറയുന്നു.

എന്നാൽ മുകേഷും മേതിൽ ദേവികയും പിരിയുന്നു എന്ന വാർത്ത പ്രചരിക്കുമ്പോഴും ആ വാർത്തയ്ക്കെതിരെ മുകേഷോ മേതിൽ ദേവികയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *