റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു ദിവസം കൊണ്ട് 2828 പേര്‍ക്ക് കോവിഡ് പരിശോധന

July 28, 2021 - 9:00 pm

ആലപ്പുഴ: മൂന്നു ദിവസം കൊണ്ട് 2828 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി. വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തുന്നവരില്‍ കോവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്്ച മുതലാണ് പരിശോധന ആരംഭിച്ചത്.  ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് കോവിഡ് പരിശോധന നടത്തുന്നത്. ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് 2828 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ 26 പേരില്‍ രോഗം കണ്ടെത്തി. കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരില്‍ കോവിഡ് മാനദണ്ഡപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ സൗകര്യമുള്ളവരെ വീടുകളിലേക്ക് മടക്കി അയയ്ക്കും. അല്ലാത്തവരുടെ രോഗാവസ്ഥ അനുസരിച്ച് ഡി.സി.സി., സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി., കോവിഡ് ആശുപത്രി എന്നിവിടങ്ങളിലേക്കു മാറ്റും. ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തുന്നവരെ ചീട്ടെടുത്ത ശേഷം കോവിഡ് പരിശോധന നടത്തിയ ശേഷമേ ഒ.പി.യിലേക്ക് വിടൂ. ഇതിനായി പ്രധാന കെട്ടിടത്തില്‍ മൂന്നു കൗണ്ടറും പഴയ കെട്ടിടത്തിലെ ഒരു കൗണ്ടറും അടക്കം നാല് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. റാപിഡ് ആന്റിജന്‍ ടെസ്റ്റാണ് നടത്തുന്നത്. രാവിലെ എട്ടു മണി മുതല്‍ ഒ.പി. സമയം അവസാനിക്കുന്നത് വരെയാണ് പരിശോധന. ജില്ലയില്‍ ആദ്യമായി ഇത്തരത്തില്‍ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയതും ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഏറ്റവുമധികം കോവിഡ് പരിശോധന നടത്തുന്നതും ഇവിടെ തന്നെ. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍, എന്‍.എച്ച്്.എം. പി.ആര്‍.ഒ. ബെന്നി അലോഷ്യസ്, അണുബാധ നിയന്ത്രണ വിഭാഗത്തിലെ നഴ്സുമാരായ അമ്പിളി, വീണ, എന്‍.എച്ച്.എം. ലാബ് ടെക്‌നീഷ്യന്മാര്‍, സപ്പൊര്‍ട്ട് സ്റ്റാഫ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *