മാനന്തവാടി: രാത്രി കാലങ്ങളില്‍ മുറ്റത്ത് അജ്ഞാതരുടെ സാന്നിധ്യം, അക്രമികളോ മോഷ്ടാക്കളോ ആണെന്ന ഭീതിയില്‍ പുറത്തിറങ്ങാനാവാതെ വയനാട്ടിലെ ഈ ചെറുഗ്രാമം. പനമരത്ത് നിന്ന് ബത്തേരിയിലേക്കുള്ള പാതയിൽ കായക്കുന്നിലാണ് രാത്രികാലത്ത് അജ്ഞാതരെത്തുന്നത് പതിവായിരിക്കുന്നത്. വന്യമൃഗശല്യത്തിന് പുറമേ അക്രമികളേക്കുറിച്ചുള്ള ഭീതിയില്‍ കൂടി കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
09/08/21 തിങ്കളാഴ്ച രാത്രി കായക്കുന്ന് ബസ് സ്റ്റോപ്പിന് സമീപമുള്ള വടക്കേ കണ്ണമംഗലത്ത് ജോസിന്റെ വീട്ടിലെത്തിയ അജ്ഞാതര്‍ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കിയെന്ന് മാത്രമല്ല, പുറത്തുള്ള പൈപ്പ് തുറന്നിട്ട ശേഷമാണ് കടന്നുകളഞ്ഞത്.
പൈപ്പില്‍ നിന്ന് വെള്ളം പോകുന്നതറിഞ്ഞ് പുറത്തിറങ്ങുന്നവരെ ആക്രമിക്കുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്നാണ് സംശയം.
റോഡില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള വീട്ടില്‍ വാതിലില്‍ കൊട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ട് അയല്‍ക്കാരെ സഹായത്തിന് വിളിച്ചപ്പോള്‍ മുറ്റത്ത് ആരെയും കാണാനായില്ല. 07/08/21 ശനിയാഴ്ചയുണ്ടായ ഈ സംഭവത്തിൽ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ മറ്റൊരു സംഭവം കൂടിയുണ്ടായത്. നടവയല്‍ താഴേ നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇനിയും പൊലീസിന് പ്രതിയെ കണ്ടെത്താനായിട്ടില്ല.
ഈ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളായും വീടുകള്‍ക്ക് നേരെയുള്ള ഇത്തരം നടപടികളെ നിരീക്ഷിക്കുന്നുണ്ട്. മേഖലയില്‍ രാത്രി കാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇരട്ടക്കൊലപാതകത്തില്‍ പ്രദേശത്തുള്ള നിരവധിപ്പേരില്‍ നിന്ന് പൊലീസ് തെളിവ് ശേഖരിച്ചിരുന്നു. വിരമിച്ച അധ്യാപകന്റെയും ഭാര്യയുടേയും കൊലപാതകത്തിന് പിന്നാലെ നടവയല്‍ മേഖലയില്‍ അജ്ഞാതരുടെ ഇത്തരം ശല്യം പതിവായിരിക്കുകയാണ്.
