ന്യൂഡൽഹി: ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ്സുമായി സഹകരിക്കാൻ തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരിക്കില്ല. ദേശീയതലത്തിൽ ബിജെപിയെ എതിർക്കാൻ ഒരുമിച്ചു പോരാടാൻ തയ്യാറാണെന്ന് 14/08/21 ശനിയാഴ്ച യെച്ചൂരി വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഗസ്റ്റ് 20 ന് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സിപിഎം പങ്കെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു. ദേശീയതലത്തിൽ 14 പാർട്ടികൾ ബിജെപിക്കെതിരെ പോരാടുകയാണ്. ഇത് പാർലമെൻറിനകത്തും പുറത്തും തുടരും. മറ്റ് കക്ഷികൾ തങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.
സിപിഎമ്മിൻറെ ബംഗാൾ ഘടകത്തിനും ദേശീയതലത്തിൽ തൃണമൂലുമായുള്ള സഹകരണത്തോട് എതിർപ്പില്ലെന്നാണ് സൂചന. ബിജെപിയെ എതിർക്കാൻ ഏതു പാർട്ടിയുമായും സഹകരണമാവാമെന്നാണ് ബംഗാൾ സംസ്ഥാന സെക്രട്ടറി ബിമൻ ബോസ് നിലപാടെടുത്തത്.
ദേശീയ തലത്തിൽ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട നീക്കങ്ങൾ സജീവമാക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിയാണ്. ഇതിനായി സോണിയ ഗാന്ധി തിരഞ്ഞെടുക്കുന്ന പ്രതിപക്ഷ നേതൃത്വനിരയിലെ പ്രമുഖരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ദേശീയതലത്തിൽ തൃണമൂലുമായി സഹകരിക്കാമെന്ന നിലപാട് സിപിഎം വ്യക്തമാക്കിയത്.
