റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഗൃഹ പരിചരണത്തിലുള്ള കോവിഡ് രോഗികൾ ശ്രദ്ധിക്കണം

August 31, 2021 - 7:35 pm

ആലപ്പുഴ: ജീവിത ശൈലീ രോഗങ്ങൾക്കും മറ്റ് അനുബന്ധ രോഗങ്ങൾക്കും ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ ഗൃഹ പരിചരണത്തിൽ കഴിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വീടുകളിലെ സമ്പർക്ക വ്യാപനം ഒഴിവാക്കാൻ രോഗിയും വീട്ടിലെ മറ്റ് അംഗങ്ങളും ശ്രദ്ധിക്കണം. പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, കിഡ്‌നി രോഗങ്ങൾ എന്നിവയുള്ള കോവിഡ് രോഗികൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശത്തോടെ വീട്ടിൽ കഴിയുന്നുണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ വീട്ടിൽ പരിശോധിക്കാൻ സാഹചര്യം ഇല്ലെങ്കിൽ ആശുപത്രിയിൽ കഴിയുന്നതാണ് സുരക്ഷിതം.

വീട്ടിൽ കഴിയുന്ന ഇത്തരം രോഗികൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കരുത്. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണം. പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവും ഹൃദയമിടിപ്പും പരിശോധിച്ചു എഴുതി സൂക്ഷിക്കേണ്ടതും വിവരങ്ങൾ ആരോഗ്യ പ്രവർത്തകരെ മുടക്കമില്ലാതെ അറിയിക്കേണ്ടതുമാണ്. ഹൃദയമിടിപ്പ് 90ൽ കൂടുകയോ ഓക്‌സിജന്റെ അളവ് 94 താഴുകയോ ചെയ്താൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. നെഞ്ചുവേദന, മയക്കം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം, കഫത്തിൽ രക്തം കാണുക, വർധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, പനിയോടൊപ്പം സ്വാഭാവികമല്ലാത്ത പെരുമാറ്റം എന്നിവ അപായ സൂചനകളാണ്. ഇത്തരത്തിൽ ഏതു ലക്ഷണം അനുഭവപ്പെട്ടാലും വാഹന സൗകര്യം ലഭ്യമാക്കി ഉടൻ ആശുപത്രിയിലേക്ക് മാറണം. 

കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി ഒരു കാരണവശാലും സമ്പർക്കം ഉണ്ടാകരുത്. മറ്റുള്ളവരുടെ സഹായം വേണ്ടി വന്നാൽ രോഗിയും പരിചരിക്കുന്നവരും മാസ്‌ക് ധരിക്കുകയും കഴിയുന്നിടത്തോളം അകലം പാലിക്കുകയും ചെയ്യണം. രോഗി ഉപയോഗിക്കുന്ന ശുചിമുറി, പാത്രങ്ങൾ, വസ്ത്രങ്ങൾ, മറ്റുവസ്തുക്കൾ എന്നിവ രോഗി തന്നെ കഴുകി വൃത്തിയാക്കണം. പ്രതലങ്ങൾ അണു വിമുക്തമാക്കുക. മുറിയുടെ ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം. ധാരാളം വെള്ളം കുടിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. വിശ്രമിക്കുക. ഒരേവശത്തേക്ക് കൂടുതൽ നേരം കിടക്കുന്നതിന് പകരം ഇടയ്ക്കിടെ വശങ്ങൾ മാറിയും കമിഴ്ന്നും കിടക്കുക. ഇടയ്ക്കിടെ നിവർന്നിരിക്കണം. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *