കാബുള്‍: വൈദ്യുതിയും ഇന്റര്‍നെറ്റും വിഛേദിച്ച് പഞ്ച്ശീര്‍ ലക്ഷ്യമാക്കി നീക്കം തുടങ്ങിയ താലിബാന് ഇതുവരെ താഴവരയില്‍ പ്രവേശിക്കാനായില്ലെന്ന് റിപ്പോര്‍ട്ട്.താലിബാന്‍ ഭീതിയില്‍ അഭയംതേടിയ സൈനികരും താജിക് പോരാളികളും അടങ്ങിയ എന്‍.ആര്‍.എഫാണു പഞ്ച്ശീറിന്റെ പ്രതിരോധം നയിക്കുന്നത്. മലയിടിക്കിലൂടെ പഞ്ചശീര്‍ താഴ്വരയുടെ കവാടത്തിലെത്തിയ താലിബാന്‍കാരെ ഗറില്ലാ പോരാളികളാണു നേരിട്ടത്. ഷാചല്‍ ജില്ലയിലൂടെ പഞ്ചശീര്‍ താഴ്വരയിലേക്കു കടക്കാനായിരുന്നു താലിബാന്‍ ശ്രമം.ആറു പാതകളിലൂടെ പഞ്ച്ശീര്‍ താഴ്വരയിലേക്കു പ്രവേശിക്കാനുള്ള താലിബാന്‍ നീക്കം പരാജയപ്പെടുത്തിയതായി ദേശീയ പ്രതിരോധ സേന(എന്‍.ആര്‍.എഫ്.) അറിയിച്ചു. എന്നാല്‍, ഏതാനും പട്ടണങ്ങള്‍ പിടിച്ചെടുക്കാനായെന്നാണു താലിബാന്‍ നിലപാട്. ഇരുപക്ഷത്തും വന്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ട്. പഞ്ച്ശീറിലെ ജനങ്ങള്‍ക്കു താജിക്കിസ്ഥാന്‍ പ്രസിഡന്റ് എമോമലി റഹ്മോം പരോക്ഷ പിന്തുണ പ്രഖ്യാപിച്ചതും പോരാളികള്‍ക്ക് ആവേശമായി. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണു പഞ്ച്ശീര്‍.
രണ്ടാഴ്ച മുമ്പ് പഞ്ച്ശീര്‍ പിടിച്ചെടുക്കാനുള്ള താലിബാന്‍ നീക്കം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് എന്‍.ആര്‍.എഫ്. നേതാവ് അഹമ്മദ് മസൂദ്, ഗോത്ര നേതാക്കള്‍ എന്നിവരുമായി താലിബാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. ഇതു പരാജയപ്പെട്ടതിനെ തുടര്‍ന്നു.ഷാചല്‍, ഗോല്‍ബാഹര്‍ മേഖലകളില്‍ താലിബാനെ നേരിടാന്‍ ആയുധങ്ങളുമായി ജനക്കൂട്ടമെത്തി. ആറിടങ്ങളിലാണു പോരാട്ടമുണ്ടായത്. ഷാലങ് പാസ് വഴി താലിബാനെ ഓടിച്ചെന്നും അഹമ്മദ് മസൂദിന്റെ അനുയായികള്‍ അറിയിച്ചു. ഇന്നലെ 13 താലിബാന്‍ ഭീകരരെ കൊലപ്പെടുത്തിയെന്ന് എന്‍.ആര്‍.എഫ്. ട്വീറ്റ് ചെയ്തു.
