റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്യുറന്റ് കപ്പ്: നേവിയെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്

September 12, 2021 - 11:03 am

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുടബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. ഇന്നലെ കരുത്തരായ ഇന്ത്യന്‍ നേവിയെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലൂണയാണ് വിജയഗോള്‍ നേടിയത്.
നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുത്ത ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ ഗോളുകള്‍ അര്‍ഹിച്ചിരുന്നു. പുതിയ പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ചിന്റെ കീഴിലെ ആദ്യ മത്സരത്തില്‍ മികച്ച കളിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. പുതിയ സീസണിലെ ആദ്യകളിയില്‍ വിജയിച്ചതോടെ സീസണും വിജയത്തോടെ ആരംഭിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞു.

രണ്ട് വിദേശ താരങ്ങളെ അണിനിരത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളില്‍തന്നെ നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിച്ചു. 12-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ ശ്രമം ഇന്ത്യന്‍ നേവി ഗോള്‍കീപ്പര്‍ ദില്‍രാജ് തടഞ്ഞിട്ടു. പിന്നാലെ പ്രശാന്തും കെ.പി. രാഹുലും ചേര്‍ന്നു നടത്തിയ മുന്നേറ്റവും ഗോള്‍ കീപ്പറുടെ ഇടപെടലില്‍ അവസാനിച്ചു. തുടര്‍ച്ചയായ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും കേരളം ആക്രമണം തുടര്‍ന്നു. വിദേശ താരം ലൂണ മൂന്നു സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഒരു ഷോട്ട് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയപ്പോള്‍ ലൂണയുടെ ഒരു ഹെഡര്‍ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി.

ആദ്യ പകുതിയില്‍ പരുക്കു മൂലം ബ്ലാസ്‌റ്റേഴ്‌സിന് അവരുടെ സെന്റര്‍ ബാക്ക് ഹക്കുവിനെ നഷ്ടപ്പെട്ടു. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രീകുട്ടനെയും ആയുഷിനെയും കളത്തിലിറക്കി.

63-ാം മിനിറ്റില്‍ ഇന്ത്യന്‍ നേവി നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ കേരളാ ഗോള്‍ മുഖം വിറച്ചു. എന്നാല്‍ ബ്രിട്ടോയും ശ്രേയസും ചേര്‍ന്നു നടത്തിയ നീക്കം അവസാനം അല്‍ബിനോ ഗോമസ് രക്ഷപ്പെടുത്തി.

69-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി. പ്രശാന്തും ശ്രീക്കുട്ടനും ചേര്‍ന്നു നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് കേരളത്തിന് അനുകൂലമായി പെനാല്‍റ്റി വന്നത്. ഗോളടിക്കാന്‍ ശ്രീക്കുട്ടന്‍ ശ്രമിക്കും മുമ്പ് നേവി പ്രതിരോധതാരം താരത്തെ ഫൗള്‍ ചെയ്തു വീഴ്ത്തി. റഫറി പെനാല്‍ട്ടിയും വിധിച്ചു. പെനാല്‍ട്ടി എടുത്ത ലൂണയ്ക്ക് പിഴച്ചില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിനു മുന്നില്‍.
സമനിലപിടിക്കാന്‍ ഇന്ത്യന്‍ നേവിടീം കിണഞ്ഞു ശ്രമിച്ചു. അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. എന്നാല്‍ അവരുടെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. 90-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടാനുള്ള ശ്രീക്കുട്ടന്റെ ശ്രമം ഇന്ത്യന്‍ നേവി താരങ്ങള്‍ ഗോള്‍ലൈനില്‍നിന്നു തടഞ്ഞു. .
വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. 15ന് ബംഗളൂരു എഫ്.സിക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *