റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.പി.എല്ലിന് കാണികളെ അനുവദിക്കും

September 17, 2021 - 10:53 am

ദുബായ്: ഞായറാഴ്ച പുനരാരംഭിക്കുന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരങ്ങള്‍ക്കു കാണികളെ അനുവദിക്കും. കോവിഡ്-19 വൈറസ് മഹാമാരി മൂലം കഴിഞ്ഞ സീസണുകളില്‍ സ്റ്റേഡിത്തില്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.പരീക്ഷണമെന്ന നിലയില്‍ നിശ്ചിത ശതമാനം കാണികളെ അനുവദിക്കാന്‍ യു.എ.ഇ. അനുവദിച്ചതായി ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹേമാങ് അമിന്‍ പറഞ്ഞു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായാണു മത്സരങ്ങള്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മേയ് പകുതിയോടെയാണ് ഐ.പി.എല്‍. നിര്‍ത്തിവച്ചത്. യു.എ.ഇയിലേക്കു വേദി മാറ്റിയാണു മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

എത്ര ശതമാനം കാണികളെ അനുവദിക്കുമെന്നതു വൈകാതെ പുറത്തുവിടുമെന്നു ഹേമാങ് അമിന്‍ പറഞ്ഞു. ഒക്ടോബര്‍ 17 നു തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു മുമ്പ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുകയാണു സംഘാടക സമിതിയുടെ ലക്ഷ്യം. ഏപ്രില്‍ ഒന്‍പതിനാണ് സീസണ്‍ തുടങ്ങിയത്. മേയ് മൂന്നിനാണു നിര്‍ത്തിവച്ചത്.നാല് ഫ്രാഞ്ചൈസികളുടെ അംഗങ്ങള്‍ക്കു വിവിധ വേദികളില്‍നിന്നു കോവിഡ് ബാധയുണ്ടായതാണു നിര്‍ത്തിവയ്ക്കാന്‍ കാരണം. യു.എ.ഇ. ജനസംഖ്യയിലെ ഭൂരിപക്ഷവും വാക്സിന്‍ സ്വീകരിച്ചതാണു പരിമിതമായി കാണികളെ അനുവദിക്കാന്‍ കാരണം. വിദേശ കാണികളെ അനുവദിക്കുന്നതില്‍ വ്യക്തതയില്ല. ഐ.പി.എല്‍.ടി20 എന്ന വെബ്സൈറ്റില്‍നിന്ന് ഇന്നു മുതല്‍ ടിക്കറ്റുകള്‍ വാങ്ങാമെന്നു സംഘാടക സമിതി വ്യക്തമാക്കി. 27 ദിവസങ്ങളിലായി 31 മത്സരങ്ങളാണു നടക്കേണ്ടത്. ഒക്ടോബര്‍ 15 നു ദുബായിലാണു ഫൈനല്‍.19 നു ദുബായില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. പിന്നാലെ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെയും നേരിടും. ദുബായില്‍ 13 മത്സരങ്ങള്‍ നടക്കും (ഒക്ടോബര്‍ 10 ലെ ക്വാളിഫയറും ഫൈനലും ഉള്‍പ്പെടെ).ഷാര്‍ജയില്‍ 10 മത്സരങ്ങള്‍ നടത്തും. ക്വാളിഫയര്‍ 2, എലിമിനേറ്റര്‍ എന്നിവയും ഇവിടെയാണ്. അബുദാബിയിലെ സയദ് സ്റ്റേഡിയത്തില്‍ എട്ട് മത്സരങ്ങള്‍ നടത്തും. മത്സരത്തിന്റെ സമയക്രമത്തില്‍ മാത്രമുണ്ടാകില്ല. വൈകുന്നേരങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ 3.30 മുതലും രാത്രി മത്സരങ്ങള്‍ 7.30 മുതലുമാണ്. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ യു.എ.ഇയിലുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *