ലഖ്നോ: യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയണെങ്കില്‍ സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ഇപ്പോള്‍ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വൈദ്യുതി സൗജന്യമായാണ് നല്‍കുന്നതെന്നും അത് യുപിയിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ലഖ്നോവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ജനങ്ങള്‍ക്ക് വൈദ്യുതി ബില്ലില്‍ ആശ്വാസം നല്‍കേണ്ട സമയമാണ് ഇതെന്നും 48 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഉയര്‍ന്ന വൈദ്യുതി ബില്ല് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ യോഗി സര്‍ക്കാര്‍ കുറ്റവാളികളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
