ലക്നൗ: ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് കർഷകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് പേരുടെ നില ഗുരുതരമാണ്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ്, കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് കർഷകർ ആരോപിച്ചു.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. ആശിഷ് മിശ്രയെയും കാറിലുള്ള മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ. ദർശൻ പാൽ പ്രതികരിച്ചു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസഭയിലെ തന്റെ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ കർഷക നേതാവ് രാകേഷ് ടികായത്ത് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേ സമയം മരണം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
