തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കെ.എസ്.ആര്‍.ടി.സി.
ബസിന്റെ ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുതെന്ന് ഡ്രൈവര്‍മാരോട് കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചു. റോഡില്‍ വെള്ളമുള്ളപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും വാഹനങ്ങള്‍ അപകടത്തില്‍പെടാനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കില്‍ ബസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്.
വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള യൂണിറ്റുകളില്‍ രാത്രി മുഴുവന്‍ പ്രത്യേക ശ്രദ്ധ വേണം. ഏത് അടിയന്തര സാഹചര്യത്തിലും ബസ് മാറ്റാന്‍ തയാറെടുപ്പ് നടത്തണം. എല്ലാ ഡിപ്പോയിലും ഏതു സമയത്ത് ആവശ്യപ്പെട്ടാലും അഞ്ച് ബസ് ഡ്രൈവര്‍മാര്‍ സഹിതം തയാറാക്കിനിര്‍ത്തണമെന്നും കെ.എസ്.ആര്‍.ടി.സി നിര്‍ദേശിച്ചു.
