കൊച്ചി: ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി പോലീസ് പിടിയാലായി. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ (26) ആണ് ആലുവാ പോലീസിന്റെ പിടിയിലായത്. തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടർന്നാണ് പോലീസ് വലയിൽ കുടുക്കിയത്.
2021 സെപ്തംബർ 23-ന് തോട്ടക്കാട്ടുകരയിൽ ആനന്ദന്റെ കടയിൽ നിന്ന് സിനിമാഷൂട്ടിങ്ങിനാണെന്ന് പറഞ്ഞ് ഇയാൾ 6000 രൂപയുടെ സാധനങ്ങൾ വാങ്ങി. പണം ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു വീഴ്ത്തിയശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാൾ സ്ഥിരം താവളം മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണ സംഘം ഞാറക്കലിൽ വെച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു.
ചോദ്യംചെയ്യലിൽ ഇടപ്പള്ളി ടോളിൽ നിന്ന് മൂന്ന്, അരൂരിൽനിന്ന് ഒന്ന്, എറണാകുളം നോർത്തിൽ നിന്ന് ഒന്ന്, ആലുവയിൽ നിന്ന് ഒന്ന് എന്നിങ്ങനെ ബൈക്കു കൾമോഷ്ടിച്ചതായും പോലീസിനോട് സമ്മതിച്ചു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജങ്ഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ്. ഇതു കൂടാതെ ഇരുപതോളം മോഷണ, കഞ്ചാവ് കേസുകളിലും പ്രതിയാണ്
തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങൾ ധരിച്ചുനോക്കി പണം വണ്ടിയിൽ നിന്നുമെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി മുങ്ങുന്നത് ഇയാളുടെ പതിവാണ്. അടുത്തിടെയായി ഇരുപതോളം കടകളിൽനിന്നും ഇങ്ങനെ വസ്ത്രങ്ങൾ കവർന്നിട്ടുണ്ട്. എസ്.എച്ച്.ഒ സി.എൽ.സുധീർ, എസ്.ഐമാരായ ആർ. വിനോദ്, രാജേഷ് കുമാർ എ.എസ്.ഐ ഷാജി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
