തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭർത്താവ് പിടിയിൽ. പിടികൂടാൻ എത്തിയ പൊലീസിന് നേരെയും ആക്രമണം ആക്രമണം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ അനിൽകുമാർ (32) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
2921 നവംബർ 9 ചൊവ്വാഴ്ച രാവിലെ 11.30- നാണ് സംഭവം. മദ്യപാനത്തിന് അടിമയായ അനില്കുമാർ ഭാര്യ രാഗിണിയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും എന്നാൽ ഇത് കൊടുക്കാത്തതിനാൽ പ്രകോപിതനായി തറയിൽ കിടന്ന കല്ലെടുത്ത് രാഗിണിയുടെ തലക്ക് എറിയുകയായിരുന്നു. രാഗിണി നിലവിളിച്ചതോടെ അനിൽകുമാർ ഓടി രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവശേഷം സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന അനിൽകുമാറിനെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
തുടർന്ന് വെള്ളറട സി ഐ മൃദുൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ അക്രമിച്ച് കോളനിയിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന് പിടികൂടി. എ.എസ്.ഐ ശശികുമാർ, ജോസ്, അനീഷ്, പ്രഭുലകുമാർ, സജിൻ, സുനിൽ, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
