റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2022 ഫുട്ബോള്‍ ലോകകപ്പ്: യോഗ്യത നേടുന്ന ആദ്യ ദക്ഷിണ അമേരിക്കന്‍ ടീമായി ബ്രസീല്‍

November 13, 2021 - 11:33 am

സാവോ പോളോ: ഖത്തറില്‍ നടക്കുന്ന 2022 ഫുട്ബോള്‍ ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യ ദക്ഷിണ അമേരിക്കന്‍ ടീമെന്ന ഖ്യാതി മുന്‍ ചാമ്പ്യന്‍ ബ്രസീലിനു സ്വന്തം.കൊളംബിയയ്ക്കെതിരേ നടന്ന യോഗ്യതാ മത്സരത്തില്‍ 1-0 ത്തിനു ജയിച്ചതോടെയാണു ബ്രസീല്‍ മുന്നേറിയത്. 12 കളികളില്‍ നിന്നു 34 പോയിന്റുമായാണു പത്തു ടീമുകളുടെ ഗ്രൂപ്പില്‍നിന്നു ബ്രസീല്‍ യോഗ്യത നേടിയത്. ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ടും അഞ്ചാമത്തെ ടീം ഇന്റര്‍ റീജിയണല്‍ പ്ലേ ഓഫ് കളിച്ച് ജയിച്ചും യോഗ്യത നേടും. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 11-ാം ജയമെന്ന റെക്കോഡും ടിറ്റെയുടെ ശിഷ്യന്‍മാര്‍ ഇന്നലെ കുറിച്ചു. അതില്‍ പത്ത് മത്സരങ്ങളിലും ബ്രസീല്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല.

കൊളംബിയയും ബ്രസീലും തമ്മില്‍ നടന്ന മത്സരം പരുക്കന്‍ അടവുകളുടെ അരങ്ങായി. 44 ഫൗളുകളാണ് ആകെ പിറന്നത്. റഫറി ഏഴ് തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഒന്നാം പകുതിയുടെ തുടക്കത്തില്‍ കൊളംബിയയുടെ വില്‍മാര്‍ ബാറിയോസ്, ദുവാന്‍ സാപാറ്റ എന്നിവരുടെ ഷോട്ടുകള്‍ ഭാഗ്യത്തിനു ഗോളായില്ല. ബ്രസീലിന്റെ ഡാനിലോ, മാര്‍ക്വിനോസ് എന്നിവരുടെ ഷോട്ടുകളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണു പുറത്തേക്കു പോയത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം ബ്രസീല്‍ ആക്രമണത്തില്‍ വ്യത്യാസം വരുത്തി. മതായുസ് കുന്‍ഹ, വിനീഷ്യസ് ജൂനിയര്‍, ആന്റണി എന്നിവരെ കളത്തിലിറക്കിയതോടെ ആക്രമണത്തിനു മൂര്‍ച്ച കൂടി.

72-ാം മിനിറ്റിലാണ് അതിനു ഫലം കണ്ടത്. സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങി വച്ച മുന്നേറ്റം ലൂകാസ് പാക്വേറ്റ പൂര്‍ത്തിയാക്കി. ബോക്സിനുള്ളില്‍ നിന്നുള്ള ഷോട്ട് ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്പിനയുടെ കൈയില്‍ തട്ടിയാണു വലയില്‍ കയറിയത്. 12 മത്സരങ്ങളില്‍ ഒന്നൊഴികെ എല്ലാം ജയിച്ചാണു ബ്രസീലിന്റെ മുന്നേറ്റം.

ചിലിക്കെതിരേ നടന്ന മത്സരത്തില്‍ പരാഗ്വേ 1-0 ത്തിനു തോറ്റു. പുതിയ കോച്ച് ഗുലിര്‍മോ ബാരോസിനു കീഴിലിറങ്ങിയ പരാഗ്വേയ്ക്ക് ഗോള്‍ കീപ്പര്‍ ആന്റണി സില്‍വയുടെ സെല്‍ഫ് ഗോളാണു വിനയായത്. അലക്സിസ് സാഞ്ചസിന്റെ കോര്‍ണര്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സില്‍വയുടെ കൈയില്‍നിന്നു പന്ത് വഴുതി സ്വന്തം പോസ്റ്റിലെത്തി. ജയത്തോടെ 16 പോയിന്റുമായി ചിലി കൊളംബിയയ്ക്കൊപ്പം നാലാം സ്ഥാനത്തായി. മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ ഇക്വഡോര്‍ 1-0 ത്തിനു തോല്‍പ്പിച്ചു. പിയറോ ഹിന്‍കാപിയാണ് ഇക്വഡോറിനു വേണ്ടി ഗോളടിച്ചത്. 20 പോയിന്റുള്ള ഇക്വഡോര്‍ മൂന്നാം സ്ഥാനത്താണ്. ഏഴ് പോയിന്റ് മാത്രം നേടിയ വെനസ്വേല ഏറ്റവും പിന്നിലാണ്. ലോകകപ്പില്‍ കളിക്കാത്ത ഏക ദക്ഷിണ അമേരിക്കന്‍ രാജ്യമാണു വെനസ്വേല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *