ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ ചൈന രണ്ടാമതൊരു കോളനി കൂടി നിര്‍മിച്ചുവെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ തെളിവുകള്‍ പുറത്തായത്. അരുണാചല്‍ പ്രദേശിലെ ചൈന നിര്‍മിച്ച ആദ്യത്തെ ഗ്രാമത്തില്‍നിന്ന് 93 കിലോമീറ്റര്‍ കിഴക്കായിട്ടാണ് പുതിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയിലുള്ള മേഖലയില്‍ ഇന്ത്യയ്ക്കകത്തായി ഏകദേശം ആറ് കിലോമീറ്റര്‍ അകലെയാണ് ചൈനയുടെ രണ്ടാമത്തെ ‘എന്‍ക്ലേവ്’ സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സ്ഥലമായി എപ്പോഴും കരുതിയിരുന്നിടത്തേയ്ക്കാണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത്. ചിത്രങ്ങളില്‍നിന്ന് കുറഞ്ഞത് 60 കെട്ടിടങ്ങളെങ്കിലും ഈ എന്‍ക്ലേവിലുണ്ടാവുമെന്ന് വ്യക്തമാണെന്ന് റിപോര്‍ട്ട് പറയുന്നു.
