കാസർകോട്: ലോറിയില്‍ കടത്തുന്നതിനിടെ നീലേശ്വരത്ത് 1800 ലധികം ലിറ്റർ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഗോവയിൽ നിന്ന് തൃശൂരിലേക്ക് പെയിൻറുമായി വന്നതായിരുന്നു ലോറി. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീൻ അറസ്റ്റിലായി.
1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവുമാണ് ലോറിയിൽ നിന്ന് പിടികൂടിയത്. പെയിൻറ് പാത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും.പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്പിരിറ്റും മദ്യവും കടത്തുന്നതിന് ഗോവയിൽ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്സൈസിന്റെ തീരുമാനം.
തൃശൂരിലെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കും. ഇതിന് മുമ്പും ഇത്തരത്തിൽ കടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്
