തിരുവനന്തപുരം: ഒമിക്രോൺ കോവിഡ് വകഭേദം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റീൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ വകഭേദം വാക്‌സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പരിശോധിക്കുകയാണ്. കേരളത്തിൽ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം – വീണ ജോർജ് അറിയിച്ചു.
അട്ടപ്പാടിയിലെ സാഹചര്യം വകുപ്പുകൾ സംയുക്തമായി പരിശോധിക്കുമെന്നും പോഷകാഹാരക്കുറവ് സംബന്ധിച്ച വിശദമായ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഒമിക്രോൺ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.
