റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രയാണം തുടങ്ങി

November 30, 2021 - 10:10 pm

വിലക്കയറ്റം പ്രതിരോധിക്കാനുള്ള വിപണി ഇടപെടലുകളുടെ ഭാഗമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രയാണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലായി ഡിസംബർ ഒമ്പതുവരെ ഇവ പര്യടനം നടത്തും. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടൽ ശക്തിപ്പെടുത്തുന്നതിനായാണു സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ സജ്ജമാക്കിയതെന്ന് ഫ്ളാഗ് ഓഫ് നിർവഹിച്ചു മന്ത്രി പറഞ്ഞു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സപ്ലൈകോ ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിൽനിന്നു ലഭിക്കും. 2016ലെ വിലയ്ക്കു കഴിഞ്ഞ അഞ്ചു വർഷവും നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്കു നൽകാൻ സർക്കാരിനു കഴിഞ്ഞു. ഈ സർക്കാർ ഇതു തുടരുകയാണ്. മാർക്കറ്റുകളിലെ വിലയേക്കാൾ 45 മുതൽ 50 ശതമാനം വരെ വിലകുറച്ചാണു സാധനങ്ങൾ വിൽക്കുന്നത്. രാജ്യത്തെ ഒരു സംസ്ഥാനത്തെയും സർക്കാരിന് ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ദേശീയ അടിസ്ഥാനത്തിലുള്ള നടപടിയുണ്ടാകുന്നില്ലെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഒരു ജില്ലയിൽ അഞ്ചു മൊബൈൽ വിൽപ്പനശാലകൾ രണ്ടു ദിവസം പര്യടനം നടത്തും. ഒരു മൊബൈൽ യൂണിറ്റ് ഒരു ദിവസം അഞ്ചു കേന്ദ്രങ്ങൾ എന്ന നിലയ്ക്ക് രണ്ടു ദിവസങ്ങളിലായി 10 കേന്ദ്രങ്ങൾ സന്ദർശിച്ച് സബ്സിഡി സാധനങ്ങൾ വിൽപ്പന നടത്തും. അത്തരത്തിൽ  അഞ്ചു മൊബൈൽ യൂണിറ്റുകൾ രണ്ടു ദിവസങ്ങളിലായി 50 കേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ വിതരണം നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *