തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് അന്തിമാനുമതി ഉടൻ ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . നാലുമണിക്കൂറിൽ തിരുവനന്തപുരം-കാസർകോട് യാത്ര സാദ്ധ്യമാക്കുന്ന സെമി-ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) കേരളത്തിന് മാത്രമല്ല രാജ്യത്തിനും ഗുണകരമായ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതി വഴിയൊരുക്കും.ഓഹരിയുടമകൾക്ക് 13.55 ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാൽ ലാഭകരമായ പദ്ധതിയാണ്.വിദേശവായ്പാ ബാദ്ധ്യത ഏറ്റെടുത്തതിനു പുറമേ, ഭൂമിയേറ്റെടുക്കലിനുള്ള 13,700 കോടിയുടെ ചെലവ് പൂർണമായി സംസ്ഥാനം വഹിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തികശേഷി മോശമായതിനാൽ കെ-റെയിൽ ആവശ്യപ്പെട്ട ഓഹരിവിഹിതം നൽകാനാവില്ലെന്നും 185 ഹെക്ടർ ഭൂമി നൽകാമെന്നും റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.ഭൂമിയുടെ വിലയായ 975കോടി റെയിൽവേയുടെ ഓഹരിയാക്കണം.വിട്ടുനൽകേണ്ട ഭൂമിയുടെ വിവരങ്ങൾക്കായി സംയുക്തപരിശോധന നടത്തും.മൂന്ന് മാസത്തിനകം പൂർത്തിയാക്കും.
യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചതിലും മുടക്കുമുതൽ തിരിച്ചുകിട്ടുന്നതിലും ചില സംശയങ്ങൾ റെയിൽവേ ഉന്നയിച്ചിട്ടുണ്ടെന്നും ഇതിന് വ്യക്തമായ മറുപടി നൽകുമെന്നും കെ-റെയിൽ അധികൃതർ അറിയിച്ചു.മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടുമെന്നും നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനത്തിലെത്താം എന്നുമാണ് ഡി.പി.ആറിലുളളത്.
