കൊച്ചി: അമ്മയെയും കുട്ടികളെയും മാനസിക രോഗികളായി ചിത്രീകരിച്ച ബാലാവകാശ കമ്മീഷൻ അധികാര പരിധി ലംഘിച്ചതായി ഹൈക്കോടതി. ജീവിത രീതിയും ആചാരങ്ങളും വീട്ടിലെ സാഹചര്യങ്ങളും മാത്രം നോക്കി അമ്മയെയും മക്കളെയും മാനസിക രോഗ ചികിത്സയ്ക്ക് വിധേയമാക്കുന്നതിന് നിർദ്ദേശിച്ച ബാലാവകാശ കമ്മമീഷൻറെ ഉത്തരവിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ഇങ്ങനെ ഉത്തരവിടാൻ ശിശു അവകാശ കമ്മീഷന് അധികാരമില്ലെന്ന് കോടതി വിലയിരുത്തി.
അമ്മയിൽ നിന്ന് കുട്ടികളെ മാറ്റി നിർത്തുന്നത് കുട്ടികളുടെ ശാരീരികവും വിദ്യാഭ്യാസപരവുമായി ക്ഷേമത്തിന് കോട്ടം തട്ടുമെന്നും അതുകൊണ്ട് കുട്ടികളെ മാറ്റി നിർത്തണമെന്ന് കണ്ടെത്തിയ ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ അമ്മ അഞ്ച് രുദ്രാക്ഷങ്ങളും വിവിധ മതങ്ങളുടെ ഫോട്ടോകൾ ശരീരത്തിലിട്ടുണ്ടെന്നും ഡി.സി.പി.ഒ കോടതിയിൽ ബോധിപ്പിച്ചു. കുട്ടികളും അമ്മയും അയൽവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കാണുന്നയാൾക്ക് മനോരോഗ ചികിത്സ ആവശ്യമുള്ളതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു മനോരോഗ ചികിത്സയ്ക്ക് വിടുന്നതിന് ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ ഉത്തരവിടുകയായിരുന്നു.
കോടതി നിശ്ചയിച്ച കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോ. പ്രിയ ഗോപാലകൃഷ്ണൻ അമ്മയും മക്കളും ഭർത്താവുമായി സംവദിച്ച ശേഷം ഇവർക്ക് മാനസിക രോഗമില്ലെന്ന് കോടതിയിൽ അറിയിച്ചു. ജീവിതത്തിലുടനീളം അവർ അനുഭവിച്ച മാനസിക പീഡനങ്ങളാണ് അവർക്ക് മാനസിക സമ്മർദ്ദത്തിന് കാരണം. മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് മാനസിക രോഗ കേന്ദ്രത്തിലേക്ക് ബലമായി കൊണ്ടുപോയത് അവരെ മാനസികമായി ബാധിച്ചിട്ടുണ്ട്. മക്കളിൽ നിന്നും മാറ്റി നിർത്താനുള്ള ഭർത്താവിന്റെ ശ്രമമാണ് അമ്മയ്ക്ക് മാനസിക സമ്മർദ്ദത്തിന് കാരണമായത്. ഇവരെ ഒരിക്കൽ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടർ കോടതിയിൽ ആവശ്യപ്പെട്ടു. ഡിസംബർ 10 മുതൽ 17 വരെ അമ്മയെയും കുട്ടികളെയും ഡോ.പ്രിയയുടെ അടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നു കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഒരു റിപ്പോർട്ട് സർക്കാർ അഭിഭാഷകൻ മുഖേന ഫയൽ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു.
ഭർത്താവ് പല തവണ തന്റെ ഭാര്യയെ മാനസിക രോഗിയാക്കുന്നതിന് വിവിധ മാനസിക രോഗ പരിശോധന കേന്ദ്രങ്ങളിൽ കൊണ്ടുപോയിട്ടുണ്ടെന്നു കോടതി കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ ബാലകൃഷ്ണൻ തന്റെ മകളെയും രണ്ട് പേരക്കുട്ടികളെയും കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചൈൽഡ് വെൽഫയർ കമ്മീഷൻ അധികാര പരിധി ലംഘിച്ചുവെന്നു കോടതി വിലയിരുത്തി. ഹർജിയിൽ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കുട്ടികളുടെ മാനസിക നില സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്ക് കോടതി നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ടു എല്ലാ രേഖകളും രണ്ട് ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദ്ദേശം നൽകി.
കേസിൽ അമ്മയെയും കുട്ടികളെയും ചികിത്സിച്ച ആശുപത്രി അധികൃതരെ കേസിൽ എതൃകക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചു. അമ്മയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്‌കൂൾ അധികൃതരെ കേസിൽ എതൃകക്ഷിയാക്കാൻ കോടതി നിർദ്ദേശം നൽകി. കൂടാതെ കൊടുങ്ങല്ലൂർ പോലിസ് സ്‌റ്റേഷൻ ഹൗസ് ഓഫിസറെ കോടതി കേസിൽ കക്ഷിച്ചേർത്തു. ഹർജിക്കാരനൊപ്പം മകളെയും പേരക്കുട്ടികളെയും വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു. ഇവരുടെ മൊഴിയെടുക്കാൻ കോടതി കൊടുങ്ങല്ലൂർ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകി.
