റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്

December 11, 2021 - 11:51 am

ന്യൂഡല്‍ഹി: വാഹനവില്‍പ്പനയില്‍ കഴിഞ്ഞമാസം ഇടിവെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാവാഹന വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 19 ശതമാനത്തിന്റെ കുറവ്. ഇരുചക്രവാഹന വില്‍പ്പന ഇടിഞ്ഞത് 34 ശതമാനം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സാ (എസ്.ഐ.എ.എം)ണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഏതാനും മാസങ്ങളായി അനുഭവപ്പെടുന്ന സെമികണ്ടക്ടറുകളുടെ ക്ഷാമമാണ് വിപണിക്കു തിരിച്ചടിയായതെന്നു വിലയിരുത്തപ്പെടുന്നു. ചിപ്പ് ക്ഷാമം പുതിയ വാഹന നിര്‍മാണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുതുതായി വിപണിയിലെത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഇതു പ്രതിഫലിച്ചു. യാത്രാവാഹനങ്ങളുടെ മൊത്തക്കച്ചവടം കുറയാന്‍ ഇതാണു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എസ്.ഐ.എ.എം. കണക്കനുസരിച്ച് കഴിഞ്ഞമാസം 2,15,626 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 2,64,898 യൂണിറ്റ് യാത്രാവാഹനങ്ങളാണ് വിപണിയിലെത്തിയത്. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയിലും വലിയ കുറവാണുണ്ടായത്. കഴിഞ്ഞവര്‍ഷം നവംബറില്‍ 16,00,379 യൂണിറ്റുകള്‍ വിറ്റെങ്കില്‍ ഈവര്‍ഷം എണ്ണം 10,50,616 യൂണിറ്റുകളായി കുറഞ്ഞു.
മുച്ചക്രവാഹനങ്ങളുടെ വില്‍പനയും കഴിഞ്ഞമാസം താഴേക്കാണ്. 2020 നവംബറിലേതിനേക്കാള്‍ ഈ ഗണത്തിലുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ഏഴു ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 24,071 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 22,471 യൂണിറ്റുകളാണ് കഴിഞ്ഞമാസത്തിലെ വില്‍പ്പന. സെമി കണ്ടക്ടറുകളുടെ ക്ഷാമം ആഗോളതലത്തില്‍ത്തന്നെ വാഹനവിപണിയെ ഉലച്ചിട്ടുണ്ടെന്ന് എസ്.ഐ.എ.എം. ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രഹരം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു വാഹനലോകം മെല്ലെ കരകയറുന്നതിനിടെയാണ് ഇരുട്ടടിയായി ചിപ്പ് ക്ഷാമം രൂക്ഷമായത്. ഉത്സവ സീസണിലെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് നവംബറിലെ കണക്കുകളെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *